ഇസ്രയേലിന്‌ മുന്നറിയിപ്പുമായി ഖമനേയിയുടെ പോസ്റ്റ്‌ ; അക്കൗണ്ട്‌ നീക്കം ചെയ്‌ത്‌ എക്സ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:31 PM | 0 min read

ടെഹ്‌റാൻ> ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇസ്രയേലിന്‌ മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ഇറാൻ പരമോന്നത നേതാവ്‌  അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട്‌ എക്സ്‌ നീക്കം ചെയ്‌തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.  ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്ത്‌തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു.  ഇറാൻ എന്ന രാഷ്ട്രത്തിന്റെ ശക്തിയും കഴിവും എന്തെന്ന് നിങ്ങൾക്ക് ഉടനെ കാണിച്ചുതരാം'. എന്നാണ്‌ എക്സിൽ കുറിച്ചത്‌. ഖമനേയിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഹീബ്രുവിൽ സന്ദേശങ്ങൾ എഴുതുന്ന @Khamenei_Heb  അക്കൗണ്ട്‌ കഴിഞ്ഞ ദിവസമാണ്‌ ഉണ്ടാക്കിയത്. ഇതിൽ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതിൽ അവസാനത്തെ സന്ദേശമായിരുന്നു  ഇസ്രയേലിന് മുന്നറിയിപ്പ് നൽകുന്നത്‌. എക്‌സിന്റെ നിയമങ്ങൾ ലംഘിച്ചതിനാലാണ്‌ അക്കൗണ്ട് സസ്പെൻഡ് ചെയ്തതതെന്നാണ്‌ റിപ്പോർട്ട്‌.

ശനിയാഴ്ച, ടെഹ്‌റാനിലെയും സമീപ പ്രദേശങ്ങളിലും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.അതിന്റെ ഫലമായി നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ആദ്യം ഇസ്രയേലിലേക്ക് ഇറാൻ റോക്കറ്റാക്രമണം നടത്തിയതിന്റെ  പ്രതികരണമായിരുന്നു ഈ നടപടി. ഇസ്രയേലിന്റെ പൈശാചിക ആക്രമണത്തെ ചെറുതാക്കിയോ പെരുപ്പിച്ചോ കാണരുതെന്ന്‌ ഖമനേയി പറഞ്ഞിരുന്നു. ഇസ്രേയേലിന്റെ തെറ്റായ കണക്കുകൂട്ടലുകളെ  തിരുത്തണം. ഇറാന്റെയും ഇവിടുത്തെ യുവജനങ്ങളുടെയും കരുത്തും ഇച്ഛാശക്തിയും അവരെ ബോധ്യപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്നും ഖമനേയി ആഹ്വാനം ചെയ്‌തിരുന്നു.

ഖമനേയി ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോർട്ട്‌
ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി (85) രോഗബാധിതനായി ഗുരുതരാവസ്ഥയിലെന്ന്‌  ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്തു. അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശത്തെച്ചൊല്ലി തർക്കം മൂക്കുന്നതായും രണ്ടാമത്തെ മകൻ മൊജ്‌തബ ഖമനേയി (55) പിൻഗാമിയായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ഖമനേയിയുടെ പിൻഗാമിയായി കരുതപ്പെട്ട ഇറാൻ മുൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതുമുതൽ അടുത്ത നേതാവ്‌ ആരെന്ന ചർച്ച സജീവമായിരുന്നു. പുതിയ നേതാവിന്റെ തെരഞ്ഞെടുപ്പിൽ ഇറാൻ റവല്യൂഷണറി ഗാർഡ്സിന്‌ പ്രധാന പങ്കുണ്ടാകുമെന്നാണ്‌ ന്യൂയോർക്ക്‌ ടൈംസിന്റെ റിപ്പോർട്ട്‌.
 
 



deshabhimani section

Related News

View More
0 comments
Sort by

Home