ഗാസയിൽ വെടിനിർത്തണം: ബ്രിക്സ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 03:04 AM | 0 min read


കസാൻ
ഗാസയിൽ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച്‌ ബ്രിക്സ്‌ ഉച്ചകോടി. മുനമ്പിൽ അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ബുധൻ രാത്രിയിലെ ‘കസാൻ പ്രഖ്യാപനം’ ആവശ്യപ്പെട്ടു.ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലും വെസ്‌റ്റ്‌ ബാങ്കിലും ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിലും അവിടുത്തെ ജനങ്ങളുടെ ദുരിതജീവിതത്തിലും പ്രഖ്യാപനം ആശങ്ക രേഖപ്പെടുത്തി. സിറിയയിലെ ഇറാൻ കോൺസുലേറ്റിലേക്ക്‌ ഇസ്രയേൽ ഏപ്രിലിൽ നടത്തിയ ആക്രമണത്തെയും അപലപിച്ചു. ഇസ്രയേലിന്റെ ആക്രമണഭീഷണി നേരിടുന്ന ഇറാനും ബ്രിക്സ്‌ കൂട്ടായ്മയുടെ ഭാഗമാണ്‌. അതിനിടെ, റഷ്യയും ഇറാനും സമഗ്ര സഹകരണ കരാറിൽ ഒപ്പിടാനും തീരുമാനമായി. ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്ക്യനും റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിലാണ്‌ തീരുമാനം.

ഗാസ സ്കൂളിൽ 
ആക്രമണം, 17 മരണം
ഗാസയുടെ മധ്യഭാഗത്തുള്ള നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിലെ സ്കൂളിലേക്ക്‌ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞടക്കം 17 പേർ കൊല്ലപ്പെട്ടു. 52 പേർക്ക്‌ പരിക്കേറ്റു. അഭയാർഥികൾ തങ്ങിയ ഷുഹദ അൽ നുസെയ്‌റത്ത്‌ സ്കൂളാണ്‌ ആക്രമിക്കപ്പെട്ടത്‌. കൊല്ലപ്പെട്ടവരിൽ 13 കുട്ടികളുണ്ട്‌. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമിക്കുന്ന 196–-ാമത്‌ സ്കൂളാണിത്‌. വടക്കൻ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. 20 ദിവസത്തിനുള്ളിൽ ജബാലിയ ക്യാമ്പിൽ മാത്രം 770 പേർ കൊല്ലപ്പെട്ടു. അതേസമയം, ലബനൻ തലസ്ഥാനം ബെയ്റൂട്ടിന്റെ തെക്കൻ ഭാഗത്തേക്ക്‌ ഇസ്രയേൽ ബുധൻ രാത്രിമുതൽ 17 മിസൈൽ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home