വൺ ഡയറക്ഷൻ ഗായകൻ ലിയാമിന്റെ മരണം ആത്മഹത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:38 PM | 0 min read

 

വൺ ഡയറക്ഷൻ എന്ന ബ്രിട്ടീഷ് ബോയ് ബാൻഡിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ ഗായകൻ ലിയാം പെയിനിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലിയാം പെയിൻ അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസർ സർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു.

  'മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനെത്തുടർന്ന് ഹോട്ടൽ ലോബിയിൽ അക്രമാസക്തനായിഎന്നാണ് റിപ്പോർട്ട്. ലിയാം പെയിൻ തന്റെ ലാപ്‌ടോപ് തകർക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ റൂമിലേക്ക് കൊണ്ടുപോകേണ്ടി വന്നു', ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം അർജന്റീനൻ പോലീസ് വ്യക്തമാക്കി.

 മയക്കുമരുന്നിന് അടിമയായിത്തീർന്ന 31 കാരനായ ലിയാം അതിൽ നിന്നും മോചനം നേടിയതായി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

 ഗായകൻ മുറിയിൽ ബഹളം വെച്ചതോടെ ഹോട്ടൽ ജീവനക്കാരിൽ ഒരാൾ സഹായം തേടി പോലീസിനെ വിളിച്ചിരുന്നു. ബാൽക്കണിയുള്ള മുറിയിലാണ് ഗസ്റ്റ് എന്നും തങ്ങൾ ഭയത്തിലാണെന്നും ജീവനക്കാരൻ പറയുന്നുണ്ട്. പോലീസ് എത്തുന്നതിന് മുൻപ് തന്നെ മൂന്നാം നിലയിൽ നിന്നും താഴെ ചാടി.

 ലിയാം പെയിനിന് മുൻ കാമുകി മായ ഹെന്റിയുമായി നിയമപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2022-ലാണ് ഇരുവരും പിരിഞ്ഞത്. ടെക്‌സാസ് കേന്ദ്രീകരിച്ചുള്ള മോഡലും എഴുത്തുകാരിയുമാണ് മായ ഹെന്റി. മരിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ലിയാം മായ ഹെന്റിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇവരുടെ വേർപാട് ലിയാമിനെ തകർത്തിരുന്നു.

 ലിയാം പെയിനും നിലവിലെ കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബർ 30-നാണ് അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. ഈ മാസം 14-ന് കെയിറ്റ് കാസിഡി തിരിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിലായി ലിയാം തനിച്ചായിരുന്നു.

ഹാരി സ്‌റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവർക്കൊപ്പം പാട്ടിന്റെ ലോകം കീഴടക്കിയ വൺ ഡയറക്ഷൻ ബാന്‍ഡിന്റെ നേതൃനിരയിലാണ് ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ എഴുത്തിലും തിളങ്ങി.

ഒപ്പം സോളോ ആര്‍ട്ടിസ്റ്റായും മനം കവർന്നു. വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഏറെ ആരാധക ശ്രദ്ധനേടിയ പാട്ടുകൂടിയാണ് ഇത്. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്സ് ആണ്.

ഓഡിഷന് എത്തിയ കുട്ടികളുടെ പാട്ട് സംഘം ലോകം കീഴടക്കി

2008ല്‍ തന്റെ പതിനഞ്ചാം വയസില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസായ എക്‌സ് ഫാക്റ്ററില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടാണ് ലിയാം ആദ്യമായി സ്‌റ്റേജില്‍ എത്തുന്നത്. അന്ന് അദ്ദേഹം സോളോ ഓഡിഷനില്‍ പരാജയപ്പെടുകയായിരുന്നു.

പിന്നീട് 2010ല്‍ വീണ്ടും ഓഡിഷന് എത്തുകയും അതിന് പിന്നാലെ ഓഡിഷനെത്തിയ മറ്റു നാല് പേര്‍ക്കൊപ്പം വണ്‍ ഡയറക്ഷന്‍ എന്ന ബാന്‍ഡില്‍ അംഗമാകുകയും ചെയ്യുകയായിരുന്നു.

2011ലായിരുന്നു അവര്‍ തങ്ങളുടെ ആദ്യ ആല്‍ബമായ അപ്പ് ഓള്‍ നൈറ്റ് പുറത്തിറക്കിയത്. അത് ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായിരുന്നു.

2012ല്‍ ടേക്ക് മി ഹോം, 2013ല്‍ മിഡ്നൈറ്റ് മെമ്മറീസ്, 2014ല്‍ ഫോര്‍, 2015ല്‍ മെയ്ഡ് ഇന്‍ ദ എ.എം തുടങ്ങി വണ്‍ ഡയറക്ഷന്റേതായി അഞ്ച് ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ഇവ നിരവധി രാജ്യങ്ങളില്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി. നിരവധി ഹിറ്റ് സിംഗിള്‍സും വണ്‍ ഡയറക്ഷന്റേതായി പുറത്തിറങ്ങി.

യു.എസ്. ബില്‍ബോര്‍ഡ് 200 ചരിത്രത്തില്‍ ആദ്യത്തെ നാല് ആല്‍ബങ്ങള്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബാന്‍ഡായി വണ്‍ ഡയറക്ഷന്‍ മാറി. അവരുടെ മൂന്നാമത്തെ ആല്‍ബമായ മിഡ്നൈറ്റ് മെമ്മറീസ് 2013ല്‍ ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബമായി മാറിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home