ഇസ്രയേൽ ശ്രമിക്കുന്നത് പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് വലിച്ചിടാൻ: ഇറാൻ പ്രസിഡന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 03:05 PM | 0 min read

ന്യൂയോർക്ക് > പശ്ചിമേഷ്യയെ ആകെ യുദ്ധമുഖത്തേക്ക് വലിച്ചിടാനാണെന്ന് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. അങ്ങനെയുണ്ടായാൽ ഇസ്രയേൽ തിരിച്ചുപോക്കില്ലാത്ത വിധം പ്രത്യാ​ഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ പെസെഷ്കിയാൻ ന്യൂയോർക്കിൽ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമേഷ്യയിൽ അസ്ഥിരതയുണ്ടാക്കാനോ യുദ്ധം ചെയ്യാനോ ഇറാന് താത്പര്യമില്ല. താത്പര്യമില്ലാത്ത കാര്യങ്ങളിലേക്ക് തങ്ങളെ വലിച്ചിഴക്കരുത്. ഇവിടെ ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, അത് ആർക്കും പ്രയോജനം ചെയ്യില്ലെന്ന് മറ്റാരേക്കാളും ഞങ്ങൾക്കറിയാം. അതുണ്ടാകുമെന്ന് ചിന്തിക്കുന്നവരുടേത് വ്യാമോഹമാണ്. സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇസ്രയേലാണ്. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണെന്നും പെസെഷ്കിയാൻ പറഞ്ഞു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസഷ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല.

അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ല​ബ​ന​നി​ലെ ജനവാസ കേന്ദ്രങ്ങളിൽ ഇ​സ്രായേ​ൽ കനത്ത വ്യോമാക്രമണം നടത്തുകയാണ്. തിങ്കളാഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 492ലേറെ പേരാണ് കൊല്ലപ്പെട്ടത്. 1,645 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ബോംബ് വർഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്‌. ഹിസ്‌ബുള്ള ശക്തികേന്ദ്രങ്ങളും ആയുധപ്പുരകളും ആക്രമിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. തെക്ക്, കിഴക്കൻ മേഖലകളിൽ നിന്ന് ബെയ്‌റൂട്ട്‌ ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ്‌ വ്യാപക ആക്രമണം. ലബനൻ- സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിലെ ജനവാസ കേന്ദ്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. 1982ൽ ഹിസ്‌ബുള്ള സ്ഥാപിക്കപ്പെട്ട പ്രദേശമാണിത്‌.

ഇതിന് മറുപടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ ഇസ്രയേൽ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ള്ള അ​റിയിച്ചു. 150ൽപ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോ​ഗിച്ചത്. പതിനൊന്ന് മാസമായി ​ ​ഗാസയിൽ തുടരുന്ന കൂട്ടക്കുരുതി ഇസ്രയേൽ ലബനനിലേക്കും വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യയാകെ പ്രക്ഷുബ്‌ധമാവുകയാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home