ഹനിയയുടെ കൊലപാതകത്തിൽ അമേരിക്കക്കും ഇസ്രയേലിനും ഖേദിക്കേണ്ടിവരും: ഇറാൻ സ്പീക്കർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:27 PM | 0 min read

ടെഹ്‌റാൻ > ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിൽ ഇസ്രയേലും അവരെ പിന്തുണക്കുന്ന അമേരിക്കയും ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ്. സ്വന്തം നടപടികളുടെ പേരിൽ തന്നെ ഇസ്രയേലിന് അവരുടെ കണക്കുകൂട്ടലുകൾ തിരുത്തേണ്ടിവരുമെന്നും ഇറാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മുഹമ്മദ് ഖാലിബാഫ് മുന്നറിയിപ്പ് നൽകി.

ഇസ്രയേലിന്റെ എല്ലാ അവകാശവാദങ്ങളും പൊളിക്കുന്നതായിരുന്നു ഒക്ടോബർ ഏഴിലെ അൽ അഖ്‌സ ഓപ്പറേഷൻ. മനുഷ്യാവകാശങ്ങളുടെ കാവലാളുകളെന്ന സ്വയം കരുതുന്ന പാശ്ചാത്യ രാഷ്ട്രങ്ങൾ ഇസ്രയേലിന്റെ വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുകയാണ്. പലസ്തീനിലെ സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകരാഷ്ട്രങ്ങൾ സന്നദ്ധരാവണം. ഇസ്രയേൽ എന്ന ഭീകര രാഷ്ട്രത്തേയും അവർക്ക് പിന്തുണ നൽകുന്ന അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്നും ഖാലിബാഫ് പറഞ്ഞു.

ജൂലൈ 31നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ ടെഹ്റാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹനിയ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹ്രസ്വദൂര പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഹനിയയെ വധിച്ചതെന്നാണ് ഇറാൻ സ്ഥിരീകരിച്ചത്. സ്ഫോടനത്തിനു പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ  ഇറാൻ പ്രതികാരത്തിനൊരുങ്ങിയിരുന്നു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home