ഹനിയയുടെ കൊലപാതകം ഇസ്രയേലിന്റെ ഭീരുത്വം; മറുപടി നൽകുമെന്ന് ഹമാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:08 AM | 0 min read

ടെഹ്റാൻ: ഇസ്മായിൽ ഹനിയയുടെ ​കൊലപാതകത്തിന് ഇസ്രയേലിന് മറുപടി നൽകുമെന്ന് ഹമാസ്. ബുധനാഴ്ച രാവിലെ
ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഹനിയ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ് ആരോപിച്ചു. ഹനിയയുടെ കൊലപാതകം ഇസ്രയേലിന്റെ ഭീരുത്വത്തിന്റെ തെളിവാണെന്നും ഇതിനുള്ള ശിക്ഷ അവർക്ക് നൽകുമെന്നും മൂസ അബു മർസൂഖ് പറഞ്ഞു. എന്ത് ലക്ഷ്യം നേടാനാണോ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ആ ലക്ഷ്യങ്ങൾ ഇസ്രയേൽ‌ ഒരിക്കലും നേടില്ലെന്ന് മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. ജറുസലേമിന്റെ  മോചനത്തിന് ഹമാസ് തുറന്ന യുദ്ധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ ടെഹ്റാനിൽ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അദ്ദേഹം പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹനിയ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.

2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്ന ഹനിയ ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 1989ൽ ഇസ്രയേൽ ഹനിയയെ തടവിലാക്കിയിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനോനിലേക്ക്‌ നാടു കടത്തി, ഒരു വർഷത്തിന് ശേഷം ഓസ്‍ലോ കരാർ പ്രകാരം വിട്ടയക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് അദ്ദേഹം പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്. 2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഹനിയയാണ് പ്രധാനമന്ത്രിയായത്. ​ഏപ്രിലിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോൾ ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home