സഹപ്രവർത്തകയെ കണ്ണുരുട്ടി കാണിച്ചു, ഇന്ത്യക്കാരിക്കെതിരെ 30 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

ലണ്ടൻ: ഇന്ത്യൻ വംശജയായ സഹപ്രവർത്തകയുടെ അനിഷ്ടത്തോടെയുള്ള പെരുമാറ്റത്തിന് ഇരയായതായുള്ള പരാതിയിൽ ബ്രിട്ടനിൽ ഡെന്റൽ നഴ്സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ട്രൈബ്യൂണൽ വിധി. സ്കോട്ട്ലൻഡ് എഡിൻബർഗിൽ ഗ്രെയ്റ്റ് ജങ്ഷൻ ഡെന്റല്‍ പ്രാക്റ്റീസില്‍ ജോലി ചെയ്തിരുന്ന മൗറീൻ ഹൊവിസണും ഇന്ത്യൻ വംശജയായ ജസ്‌ന അമിന ഇക്ബാലും തമ്മിലുണ്ടായ പ്രശ്നത്തിലാണ് ട്രിബ്യൂണൽ വിധി.
ഡെന്റൽ നഴ്‌സായ മൗറീൻ ഹോവിസണെ സഹപ്രവർത്തക ജിസ്‌ന ഇക്ബാലിന്റെ പെരുമാറ്റം അസ്വാരസ്യപ്പെടുത്തിയതായി എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ കണ്ടെത്തി. "ജസ്ന ഇക്ബാലിന്റെ പരുഷവും അവഗണന നിറഞ്ഞതുമായ പെരുമാറ്റവും കണ്ണുരുട്ടി കാണിക്കലും ഉൾപ്പെടെ ശത്രുതാപരമായ അന്തരീക്ഷം അവർക്ക് സഹിക്കാനാവാതെ വന്നു". ഹോവിസണിന്റെ ആശങ്കകൾ പരിഹരിക്കുന്നതിൽ ക്ലിനിക്കിന്റെ നിഷ്‌ക്രിയത്വത്തെ ജഡ്ജി മക്കെ വിമർശിച്ചു.
ജസ്നയുടെ കണ്ണുരുട്ടി കാണിക്കലും അവഗണിക്കലും സൃഷ്ടിച്ച പരിഭ്രാന്തിയും കുറഞ്ഞ വേതനം ലഭിച്ച ജോലിയും പിന്നാലെ രാജി വെക്കേണ്ടി വന്നതും മൗറീൻ ഹൊവിസണെ മാനസികമായി തകർത്തതായി കോടതി കണ്ടെത്തി.
ഇന്ത്യയിൽ നിന്നുള്ള ദന്ത ഡോക്ടർ യോഗ്യതയുള്ള വ്യക്തിയാണ് ജസ്ന ഇക്ബാൽ. യുകെയില്‍ പ്രാക്ടീസ് ചെയ്യാൻ അനുവാദമില്ലായിരുന്നു. തുടർന്ന് ഹോവിസൺ സിക്ക് ലീവിലായിരുന്നപ്പോൾ റിസപ്ഷൻ ജോലികള്‍ ഇവർ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പ്രശ്നം വഷളായതോടെ 64കാരിയായ ഹൊവിസണ്‍ ജോലി രാജിവയ്ക്കുന്നതിലേക്കും ഇതെത്തി.
ജസ്‌ന ഇക്ബാൽ തന്നെ സ്ഥിരമായി കണ്ണുരുട്ടി കാണിക്കുകയും, സംസാരിക്കുമ്പോൾ അപമാനകരമായി ആംഗ്യങ്ങൾ കാണിക്കയും ചെയ്തുവെന്ന് ഹോവിസൺ ട്രൈബ്യൂണലിൽ മൊഴിനൽകി. ജസ്ന ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, ഹൗവിസണിന്റെ മൊഴി പാനൽ അംഗീകരിക്കുകയായിരുന്നു.
ആർത്രൈറ്റിസ് ബാധിതയായ ഹൗവിസൺ തന്നെയാണ് ആദ്യം റിസപ്ഷൻ കൈകാര്യം ചെയ്തിരുന്നത്. തന്റെ ചുമതല മറ്റൊരാൾക്കു നൽകിയത് അവരെ അസ്വസ്ഥയാക്കി. തിരികെ ജോലിക്കു വന്നപ്പോള്‍, റിസപ്ഷന്‍ ഒഴിഞ്ഞു കൊടുക്കാന്‍ ജിസ്ന ഇക്ബാല്‍ തയ്യാറായില്ല. ഇതോടെ പ്രശ്നം കൂടുതൽ വഷളായെന്നും കണ്ടെത്തി.
25,000 പൗണ്ടാണ് നഷ്ടപരിഹാരമായി വിധിച്ചത്. 2024 സെപ്റ്റംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. ജോലിസ്ഥലത്ത് പൊട്ടിക്കരയേണ്ടി വന്ന ഹോവീസൺ ക്ലിനിക് ഉടമയായ ഡോ. ഫാരി ജോൺസൺ വിതയത്തിലുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ ബിസിനസ് മാനേജർ കൂടിയായ ഡോ. വിതയത്തിലിന്റെ ഭാര്യ ജസ്ന ഇക്ബാലുമായി സംസാരിക്കാൻ ആവശ്യപ്പെട്ട് അവരെ തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് പരാതിയിലേക്ക് എത്തിയത്.









0 comments