ബോൾസനാരോയെ വേട്ടയാടുന്നെന്ന് ട്രംപ് ; സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് ലുല

സാവോ പോളോ
2023 ജനുവരിയിലെ അട്ടിമറിശ്രമത്തിൽ വിചാരണ നേരിടുന്ന ബ്രസീൽ മുൻ പ്രസിഡന്റും തീവ്ര വലതുപക്ഷനേതാവുമായ ജെയ്‌ർ ബോൾസനാരോയ്‌ക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബോൾസനാരോ രാജ്യസ്‌നേഹിയും ശക്തനായ നേതാവുമാണെന്ന് പറഞ്ഞ ട്രംപ്, അദ്ദേഹത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾക്കുവേണ്ടി പൊരുതിയതല്ലാതെ മറ്റൊരു തെറ്റും ബോൾസനാരോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹത്തെ വെറുതെവിടണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. തനിക്കെതിരെയും സമാനമായ വേട്ടയാടൽ നടന്നിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, പരമാധികാര രാഷ്‌ട്രമായ ബ്രസീലിന്റെ ജനാധിപത്യ സംരക്ഷണം രാജ്യത്തിന്റെ വിഷയമാണെന്നും പുറത്തുനിന്നുള്ളവർ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നും ലുല പ്രതികരിച്ചു. രാജ്യത്തിന് ശക്തവും സ്വതന്ത്രവുമായ നിയമസംവിധാനമുണ്ട്. നിയമവാഴ്‌ചയെയും സ്വാതന്ത്ര്യത്തെയും ആക്രമിച്ച് തകർക്കാൻ ശ്രമിക്കുന്നവരടക്കം ആരും നിയമത്തിന് അതീതരല്ല –ലുല സമൂഹമാധ്യമത്തിൽ കുറിച്ചു.
‘ബ്രസീലിലെ ട്രംപ്’ എന്നറിയപ്പെടുന്ന ജെയ്‌ർ ബോൾസനാരോ 2019–- 2022ൽ പ്രസിഡന്റായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ വിജയിച്ചതോടെ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായ അക്രമപരമ്പര അഴിച്ചുവിടാൻ ബോൾസനാരോ അണികളെ പ്രേരിപ്പിച്ചു. നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്. 2030 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിലക്കുണ്ട്.









0 comments