കുവൈത്തിൽ മിസൈൽ ദൃശ്യം: ഭീഷണിയില്ലെന്ന് സേന; റിപ്പോർട്ടുകൾക്ക് ഔദ്യോഗിക വിശദീകരണം

കുവൈത്തില്‍ ദൃശ്യമായ മിസൈലുകള്‍ | image Credit:X

കെ ശ്രീജിത്ത്
Published on Jun 16, 2025, 05:46 PM | 1 min read
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്കും വാർത്തകൾക്കും വിശദീകരണവുമായി കുവൈത്ത് സൈനിക സേനയുടെ ജനറൽ സ്റ്റാഫ്. പൊതുജനങ്ങളിൽ ആശങ്ക പടർന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രതികരണം.
മിസൈലുകൾ കുവൈത്തിന്റെ വ്യോമാതിർത്തിക്ക് പുറത്തായും, ഭൂമിയിലെ അന്തരീക്ഷപരിധിക്ക് മുകളിലായും ഏകദേശം 500 കിലോമീറ്ററോളം ഉയരത്തിൽ സഞ്ചരിച്ചതായാണ് സേനയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് നേരിട്ട് ഭീഷണി ഇല്ലെന്നും, കൃത്യമായ നിരീക്ഷിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈനിക സേന വ്യക്തമാക്കി. വിമാനയാത്രയ്ക്കോ ആഗോള വ്യാപാര പാതകൾക്കോ ഇത്തരം മിസൈൽ സഞ്ചാരത്തിന് യാതൊരു ഭീഷണിയും ഉണ്ടാക്കുന്നില്ലെന്നും വിശദീകരിച്ചു.
ഈ മിസൈലുകൾ ഇറാനിലെ ബന്ദർ ഖൊമേനി തീരപ്രദേശത്തും സാഗ്രോസ് പർവതനിരയിലുമാണ് വിക്ഷേപിക്കപ്പെട്ടത്. അതീവ ഉയരത്തിൽ സഞ്ചരിക്കുന്നതിനാൽ, ഹഫർ അൽ-ബാത്തിൻ, റഫഹ, തെക്ക് ഖത്തർ, വടക്കൻ കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇവ ദൃശ്യമായതായുി മുൻ സൈനികനും പാർലമെന്റ് അംഗവുമായ നാസർ അൽ-ദുവൈൽ വ്യക്തമാക്കി.
മികച്ച സാങ്കേതിക സംവിധാനങ്ങളോടെയും നിരീക്ഷണ സംവിധാനങ്ങളോടെയും കുവൈത്ത് സംയോജിതമായി പ്രവർത്തിക്കുന്നതായും, നാഷണൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, മറ്റു സുരക്ഷാ ഏജൻസികൾ തുടങ്ങിയ ഏജൻസികളുമായി ഏകോപനം ശക്തമാക്കി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സേനയുടെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
0 comments