ഗാസ പിടിച്ചടക്കാനുള്ള നീക്കത്തിനെതിരെ അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടി

അബുദാബി: ഗാസ പൂർണ്ണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ. സംയുക്ത അറബ് ഉച്ചകോടി ഇസ്രയേലിന്റെ വംശീയ അധിനിവേശ നടപടിയെ അപലപിച്ചു.
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങളും വംശീയ ഉന്മൂലന രീതികളും പ്രാദേശിക, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കൗൺസിൽ പ്രസ്താവിച്ചു.
ബഹ്റൈൻ, ഈജിപ്ത്, ഇന്തൊനീഷ്യ, ജോർദാൻ, നൈജീരിയ, പലസ്തീൻ, ഖത്തർ, സൗദി, തുർക്കി, ബംഗ്ലദേശ്, റിപ്പബ്ലിക് ഓഫ് ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൊറീഷ്യസ്, ഒമാൻ, പാക്കിസ്ഥാൻ, സൊമാലിയ, സുഡാൻ, യുഎഇ, യെമൻ എന്നീ രാജ്യങ്ങളും ദ് ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സും, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.
രാജ്യാന്തര നിയമത്തിന്റെ ലംഘനവും ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലുമാണു നടക്കുന്നത്. മാനവികതയ്ക്കു നേരെയുള്ള കുറ്റകൃത്യമാണ് ഇസ്രയേൽ ചെയ്യുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കു തടസ്സം സൃഷ്ടിക്കുകയാണ്. പ്രാദേശികമായും രാജ്യാന്തര തലത്തിലും നടക്കുന്ന എല്ലാ സമാധാന നീക്കങ്ങളെയും ഇസ്രയേൽ തകിടം മറിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.
പട്ടിണിയെ വംശഹത്യയുടെ ആയുധമായി ഇസ്രായേൽ ഉപയോഗപ്പെടുത്തുകയാണ്. ഇത് 200 പലസ്തീൻ സിവിലിയന്മാരെ കൊല്ലുന്നതിലേക്ക് നയിച്ചു, അതിൽ പകുതിയും കുട്ടികളായിരുന്നു. ഇത്തരത്തിൽ ഗാസയിൽ ഇപ്പോൾ നടക്കുന്ന മനുഷ്യക്കുരുതിക്കു പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണ്.
ഇസ്രയേൽ നടത്തുന്ന കടുത്ത നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കാൻ യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങളോട് ഉച്ചകോടി ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെയും ഫ്രാൻസ് റിപ്പബ്ലിക്കിന്റെയും അധ്യക്ഷതയിൽ ന്യൂയോർക്കിൽ നടന്ന സമാധാന ഒത്തുതീർപ്പും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഉച്ചകോടി ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണം. കിഴക്കൻ ജറുസലം തലസ്ഥാനമായി പലസ്തീൻ രാജ്യം നിലവിൽ വരണം. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തള്ളണം. ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഒരുപോലെ വിശുദ്ധമായ ജറുസലമിന്റെ തൽസ്ഥിതി തുടരാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.









0 comments