നയതന്ത്ര ദൗത്യസംഘം ഇന്തോനേഷ്യയിൽ; പര്യടനം തുടരുന്നു

ജക്കാർത്ത: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള നയതന്ത്ര ദൗത്യസംഘം പര്യടനം തുടരുന്നു. സിപിഐഎം രാജ്യസഭാ നേതാവ് ഡോ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം ഇന്തോനേഷ്യയിൽ നടത്തിയ സന്ദർശനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നയതന്ത്ര വിദഗ്ധർ, പാർലമെന്റ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഇന്തോനേഷ്യ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. 'ഇന്ത്യയിൽ നിന്നും അഞ്ച് രാഷ്ടീയ പാർടി പ്രതിനിധികളാണ് ഈ സംഘത്തിലുള്ളത്. ഇതിൽ മൂന്ന് പാർട്ടികൾ പ്രതിപക്ഷ പാർടികളും രണ്ട് പാർട്ടികൾ ഭരണത്തിലുള്ള പാർടികളുമാണ്. എന്നാൽ ഞങ്ങൾ ഒന്നിച്ച് ഇവിടെയെത്തിയിരിക്കുന്നത് ഒരു ദൗത്യത്തിനായിട്ടാണ്. ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം. അതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും വ്യത്യസ്തമാകുന്നത്. 20 കോടി മുസ്ലീം ജനതയാണ് ഇന്ത്യയിലുള്ളത്. അതായത് ഏറ്റവും കൂടുതൽ മുസ്ലീം ജനതയുള്ള രണ്ടാമത്തെ രാജ്യം. ഇത് ഇന്ത്യയുടെ യഥാർഥ സ്വഭാവത്തെയാണ് കാണിക്കുന്നത്'- ജോൺ ബ്രിട്ടാസ് പറഞ്ഞു.
പാർലമെന്റ് അംഗം സഞ്‌ജയ് കുമാർ ഝാ നയിക്കുന്ന നയതന്ത്ര ദൗത്യസംഘം ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷമാണ്ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെത്തിയത്. നാളെ മലേഷ്യയിലെത്തും. ഞായറാഴ്‌ച ദക്ഷിണ കൊറിയ സന്ദർശിച്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം സോളിലെ ഇന്ത്യൻ സമൂഹവുമായും സംവദിച്ചു.
കൊറിയൻ മുൻ വിദേശകാര്യ മന്ത്രി ഡോ. യൂൻ യങ്-ക്വാൻ, മുൻ വിദേശകാര്യ ഉപമന്ത്രി ചോ ഹ്യൂൺ, ഇന്ത്യയിലെ മുൻ കൊറിയൻ അംബാസഡർമാരായ ഷിൻ ബോങ്-കിൽ, ലീ ജൂൺ-ഗ്യു, പാർലമെന്ററി വിദേശകാര്യ കമ്മിറ്റി റാങ്കിംഗ് പ്രതിനിധി കിം ഗൺ, ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ മേജർ ജനറൽ ഷിൻ സാങ്-ഗ്യുൻ എന്നിവരുൾപ്പെടെ വ്യക്തികളുമായി സംഘം ചർച്ച നടത്തി.









0 comments