വിവിധ സംസ്ഥാനങ്ങളിൽ കേസ്: യൂട്യൂബർ രൺവീർ അല്ലാബാദിയ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ യൂട്യൂബർ രൺവീർ അല്ലാബാദിയ സുപ്രീംകോടതിയിൽ. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്നാണ് രൺവീറിനെതിരെ വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകൾ ഒന്നിച്ചാക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് രൺവീർ കോടതിയെ സമീപിച്ചത്. ഗുവാഹത്തി പൊലീസ് രൺവീറിനെതിരെ സമൻസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. രൺവീറിനായി അഡ്വ. അഭിനവ് ചന്ദ്രചൂഡ് ഹാജരായി.
കോടതിയിൽ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല. രണ്ടോ മൂന്നോ ദിവസത്തിനകം ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. കൊമേഡിയൻ സമയ് റെയ്നയാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്.
നിരവധി പേർ രൺവീറിനെ വിമർശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും വിഷയത്തിൽ രൺവീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രണവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷോയ്‌ക്കെതിരെ മഹാരാഷ്ട്ര സൈബർ സെൽ കേസെടുത്തിട്ടുണ്ട്. സമയ് റെയ്‌ന ഉൾപ്പെടെയുള്ളവരോട് നാല് ദിവസത്തിനകം അസം പൊലീസിന് മുന്നിൽ ഹാജാരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments