ഗൗരിയെ ബോഡി ഷെയ്മിങ് ചെയ്തിട്ടില്ല, ഖേദപ്രകടനത്തിലും ചോദ്യത്തെ ന്യായീകരിച്ച് യൂട്യൂബർ കാർത്തിക്

ചെന്നൈ: പത്രസമ്മേളനത്തിൽ അപകീർത്തികരമായ ചോദ്യം ചോദിച്ചതിന് നടി ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. ഗൗരി കിഷനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നും കാർത്തിക് പറഞ്ഞു. അതേസമയം, തന്റെ പ്രവൃത്തികളെ ന്യായീകരിക്കാനും കാർത്തിക് ശ്രമിച്ചു. ആരുടേയും ശരീരഘടനയെ മോശമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചില്ല. തന്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കാർത്തിക് ന്യായീകരിച്ചു. ഒരു വീഡിയോയിലൂടെയാണ് കാർത്തിക് വിശദീകരണം നൽകിയത്.
കഴിഞ്ഞ ദിവസം തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെയുണ്ടായ അപകീർത്തികരമായ ചോദ്യവും തുടർന്നുള്ള ഗൗരിയുടെ പ്രതികരണവും വലിയ വിവാദമായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും തന്നെ വേദനിപ്പിച്ചതിന് ഗൗരിയാണ് മാപ്പ് പറയേണ്ടതെന്നുമായിരുന്നു കാർത്തിക് രാവിലെ പറഞ്ഞിരുന്നത്. എന്നാൽ വിമർശനം രൂക്ഷമായതിനെത്തുടർന്ന് ക്ഷമാപണം നടത്തുകയായിരുന്നു. ഗൗരിയെ പിന്തുണച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്.
ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ - റിലീസ് അഭിമുഖത്തിൽ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു. തുടർന്ന് സിനിമയുടെ പ്രസ് ഷോർട്ടിംഗിന് ശേഷം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ തന്റെ ചോദ്യത്തെ ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. അതേസമയം പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും സിനിമയുടെ അണിയറപ്രവർത്തകർ മൗനം പാലിച്ചു. പിന്നീട് ഇവർ ക്ഷമാപണം നടത്തിയിരുന്നു.









0 comments