ഹോളി ആഘോഷിച്ചില്ല; രാജസ്ഥാനിൽ യുവാവിനെ കൊലപ്പെടുത്തി

ജയ്പൂർ : ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിൽ വിതറുന്നത് തടഞ്ഞ യുവാവിനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. റൽവാസ് വില്ലേജ് സ്വദേശിയായ ഹൻസ്‍രാജാണ് (25) മരിച്ചത്. പ്രദേശവാസികളായ അശോക്, ബബ്‍ലു, കലുറാം എന്നിവരാണ് ഹൻസ്‍രാജിനെ കൊലപ്പെടുത്തിയത്.
ബുധൻ വൈകിട്ടോടെയായിരുന്നു സംഭവം. സ്ഥലത്തെ ലൈബ്രറിയിൽ പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹൻസ്‍രാജ്. ഹോളി ആഘോഷിക്കാനെത്തിയ മൂവർ സംഘം ലൈബ്രറിക്കുള്ളിൽ കയറുകയും ഹൻസ്‍രാജിന്റെ ശരീരത്തിൽ നിറങ്ങൾ വിതറാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് തടഞ്ഞതോടെ പ്രതികൾ ഹൻസ്‍രാജിനെ ആക്രമിക്കുകയായിരുന്നു.
നിലത്തിട്ട് ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമുണ്ടായി. യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രതികൾക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്ന് പൊലീസും ഉന്നത ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
ഹോളി ആഘോഷത്തിന്റെ പേരിൽ സംഘപരിവാർ വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജസ്ഥാനിൽ കൊല നടന്നത്. യുപിയിൽ ഹോളി ആഘോഷം നടക്കുന്നതിന്റെ പേരിൽ മസ്ജിദുകൾ കെട്ടി മറയ്ക്കുന്നത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.









0 comments