ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു

ലഖ്നൗ: അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ്മ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ നിന്നും ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സത്യപ്രതിജ്ഞ ചെയ്തെങ്കിലും, തൽക്കാലം ജുഡീഷ്യൽ ചുമതലകൾ നൽകില്ലെന്ന് കോടതി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മാർച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു.
സംഭവം വിവാദമായതോടെ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു. ഡൽഹി ഹെക്കോടതിയിലെ എല്ലാ ജുഡീഷ്യൽ ചുമതലകളിൽ നിന്നും ജസ്റ്റിസ് യശ്വന്ത് വർമയെ തിങ്കളാഴ്‌ച ഔദ്യോഗികമായി നീക്കി. തീരുമാനത്തെ എതിർത്ത് അലഹബാദ് ബാർ അസോസിയേഷൻ തിങ്കളാഴ്‌ച പ്രമേയം പാസാക്കി. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.









0 comments