ജസ്‌റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റ് ; അന്വേഷണ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യുഡൽഹി
വീട്ടില്‍നിന്നും കെട്ടുകണക്കിന് പണംകണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ കേന്ദ്രസർക്കാർ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനിരിക്കേ സുപ്രീംകോടതി നിശ്ചയിച്ച സമിതി റിപ്പോർട്ടിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം. ആഭ്യന്തര അന്വേഷണ സമിതി കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം. വർഷകാല സമ്മേളനത്തിൽ ഭരണപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സ്ഥിരീകരിച്ചിരുന്നു.
ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടും മുമ്പ് വർമയ്‌ക്ക് എതിരെയുള്ള കുറ്റം എന്താണെന്ന് പ്രതിപക്ഷ എംപിമാർ അറിയണമെന്ന് കോൺഗ്രസ് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖ പറഞ്ഞു. ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷ പാർടികളുമായി കേന്ദ്രസർക്കാർ കൂടിയാലോചിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗഗോയിക്കെതിരെയും അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനെതിരെയും പ്രതിപക്ഷം ഇംപീച്ച്‌മെന്റ് ആവശ്യം ഉന്നയിച്ചപ്പോൾ അതിന് തുരങ്കംവയ്‌ക്കുകയായിരുന്നു കേന്ദ്രസർക്കാർ. ലൈംഗികാരോപണം നേരിട്ട ഗെഗോയിയെ ബിജെപി പിന്നീട് രാജ്യസഭാംഗമാക്കി. തീവ്രവർഗീയ പ്രസംഗം നടത്തിയ ശേഖർ യാദവിനെയും സംരക്ഷിക്കുകയാണ്.









0 comments