വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പേസർ യാഷ് ദയാലിനെതിരെ പരാതി

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യൻ പേസർ യാഷ് ദയാലിനെതിരെ പീഡന പരാതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതിപരിഹാര പോർട്ടൽ വഴിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സർക്കിൾ ഓഫീസറിൽ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജൂലൈ 21ന് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാൽ, ഭർത്താവിനെ പോലെയാണു പെരുമാറിയതെന്നും, അങ്ങനെ വിശ്വാസം നേടിയെടുത്തതായും പരാതിയിൽ പറയുന്നു. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോൾ യാഷ് ദയാൽ മർദിച്ചതായും പരാതിയിലുണ്ട്. ജൂൺ 14ന് വനിതകളുടെ ഹെൽപ് ലൈൻ നമ്പറായ 181ൽ വിളിച്ച് യുവതി പരാതിപറഞ്ഞിരുന്നു. ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ യുവതി തീരുമാനിച്ചത്.
ഇത്തവണ ഐപിഎൽ കിരീടം നേടിയ ആർസിബിക്കായി 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാൽ. സീസണിൽ ആർസിബിക്കായി 13 വിക്കറ്റുകൾ വീഴ്ത്തി.









0 comments