പരിപ്പ് കറിയിൽ പുഴു; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ പരാതി

കൊച്ചി: വന്ദേഭാരത് ട്രയിനിലെ ഭക്ഷണത്തിനെതിരെ പരാതി. മംഗളുരു - തിരുവനന്തപുരം യാത്രക്കിടയിൽ ലഭിച്ച പരിപ്പുകറിയിൽ നിന്നും പുഴുക്കളെ കിട്ടി എന്നാണ് പരാതി. മംഗളുരു സ്വദേശിയായ സൗമിനിയാണ് പരാതി നൽകിയത്. തൃശൂരിൽ നിന്നാണ് സൗമിനിയും കുടുംബവും ട്രെയിനിൽ കയറിയത്. ട്രെയിനിൽ നിന്ന് ലഭിച്ച ഉച്ചഭക്ഷണത്തോടൊപ്പമുള്ള പരിപ്പ് കറിയിൽ നിന്നാണ് പുഴുക്കളെ കിട്ടിയത്. മറ്റു യാത്രക്കാർക്കും ഇതേ അനുഭവം ആയിരുന്നു എന്നും സൗമിനി പറഞ്ഞു.
കുറച്ച് നാളുകൾക്കു മുൻപ് ഭക്ഷണത്തിൽ സമാനമായ പ്രശ്നങ്ങളുണ്ടായതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായും സൗമിനി പറയുന്നു. കൂടെയുള്ള യാത്രക്കാരോട് പറഞ്ഞപ്പോൾ അവർക്കും സമാന അനുഭവമാണെന്ന് മനസിലായി. അപ്പോൾ തന്നെ ട്രയിനിലെ കാറ്ററിംഗുകാരോട് ഈ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം കാണിച്ച് ഐആർസിടിസിക്ക് പരാതി നൽകിയപ്പോൾ ഭക്ഷണത്തിന്റെ പണം തിരികെ കിട്ടിയെന്നും എന്നാൽ ഇന്ത്യൻ റെയിൽവേക്ക് പരാതി നൽകിയപ്പോൾ പ്രതികരിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്നും പരാതിക്കാരി പറയുന്നു. വന്ദേഭാരത് ട്രെയിനിൽ ഇപ്പോൾ ഇതൊരു സ്ഥിരം സംഭവമായി മാറിയെന്നും യാത്രക്കാർ പറയുന്നു.









0 comments