ആശമാരെ തൊഴിലാളികളായി പരിഗണിക്കുമോ?; ഉത്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം ഉറപ്പാക്കുമോയെന്ന എ എ റഹീം എംപിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്ര സർക്കാർ. ആശമാർ കേന്ദ്രസർക്കാർ പദ്ധതിക്ക് കീഴിലാണെങ്കിലും പ്രതിമാസം 3500 രൂപ മാത്രമേ ഇൻസെൻ്റീവ് ആയി നൽകൂ എന്നും ബാക്കി സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ് എന്നുമാണ് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് രാജ്യസഭയിൽ പറഞ്ഞത്.
പ്രതിമാസം 2000 രൂപയിൽ നിന്ന് കഴിഞ്ഞ മാർച്ചിലാണ് 3500 രൂപയാക്കിയതെന്നും അതിൽ ഇനി വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കേവലം ഇൻസെൻ്റീവ് മാത്രം നൽകാതെ ആശമാരും സംസ്ഥാന സർക്കാരുകളും ആവശ്യപ്പെടുന്നത് പോലെ നിശ്ചിത വേതനം എന്തുകൊണ്ട് നൽകുന്നില്ലെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.
കേന്ദ്ര പദ്ധതികളുടെ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് കൈ നനയാതെ മീൻ പിടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് വേതനമാണ് നൽകണമെന്നും എ എ റഹീം പറഞ്ഞു.









0 comments