"ഭാര്യ സ്വകാര്യസ്വത്തല്ല"
വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല; പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണ്ട: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പാസ്പോർട്ടിന് അപേക്ഷ നൽകുമ്പോൾ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് വ്യക്താക്കി മദ്രാസ് ഹൈക്കോടതി. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. ഭാര്യ എന്നത് ഭർത്താവിന്റെ സ്വകാര്യസ്വത്തല്ലെന്നും കോടതി പറഞ്ഞു. ഭർത്താവിൻ്റെ ഒപ്പ് ഇല്ലാത്ത പാസ്പോർട്ട് അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ചെന്നൈ സ്വദേശിനി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഭർത്താവുമായി അകന്നുകഴിയുന്ന സ്ത്രീ ചെന്നൈ റീജിയൺ പാസ്പോർട്ട് ഓഫീസിലാണ് അപേക്ഷ നൽകിയത്. ഇവരുടെ വിവാഹമോചനക്കേസ് കോടതിയിലാണ്. ഈ വർഷം ഏപ്രിലിൽ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടും നടപടികൾ ഉണ്ടാകാത്തത് അന്വേഷിച്ചപ്പോഴാണ് പാസ്പോർട്ട് ഓഫീസിൽനിന്ന് വിചിത്രമായ മറുപടി ലഭിച്ചത്. ഭർത്താവിന്റെ ഒപ്പ് വാങ്ങാതെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ഓഫീസിൽനിന്ന് അറിയിച്ചതോടെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
പാസ്പോർട്ട് ഓഫീസറുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഓഫീസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും ഇത് പുരുഷാധികാരത്തിന്റെ ഭാഷയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ ഒപ്പ് ഇല്ലാതെ തന്നെ അപേക്ഷ പരിഗണിക്കണമെന്നും മറ്റ് ആവശ്യങ്ങൾ ശരിയെന്ന് ഉറപ്പുവരുത്തിയാൽ നാല് ആഴ്ചകൾക്കുള്ളിൽ പാസ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
0 comments