വ്യാജ മുൻഗണനാ കാർഡ്
വാങ്ങിയത് കാർഡ് ഒന്നിന് 3000 രൂപവരെ

തിരുവനന്തപുരം
വ്യാജ മുൻഗണനാ റേഷൻകാർഡ് ഉണ്ടാക്കി നൽകാൻ പ്രതികൾ വാങ്ങിയത് 1000 മുതൽ 3000 രൂപവരെ. ബീമാപള്ളിയിലെ 234–ാം നന്പർ റേഷൻകടയുടമ സഹദ്‌ഖാന്റെ നേതൃത്വത്തിൽ ബീമാപള്ളി, പൂന്തുറ എന്നിവിടങ്ങളിൽ 150 വ്യാജകാർഡുകളാണ് ഉണ്ടാക്കിനൽകിയത്. ബിടെക് ബിരുദധാരിയാണ് ഇയാൾ. ഭക്ഷ്യവകുപ്പിന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സഹദ്‌ഖാൻ റിമാൻഡിലാണ്. മുൻഗണേതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളെയാണ് മുൻഗണനാകാർഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്. അപേക്ഷ നൽകിയശേഷം റേഷൻ കാർഡ് മാനേജിങ് വെബ്‌സൈറ്റിലെ പാസ്‌വേർഡും ഡാറ്റാബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിനൽകിയത്. ജൂൺ മുതലാണ് തട്ടിപ്പ്. കാർഡുകാരിൽ പലരും റേഷൻകടയിൽനിന്ന് ഭക്ഷ്യസാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തിലാണ് പൊലീസിൽ പരാതി നൽകിയത്. കാർഡുകൾ ലഭിച്ച 25 പേരുടെ മൊഴി രേഖപ്പെടുത്തി. ബാക്കി ഉള്ളവരെ തുടർദിവസങ്ങളിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. സഹദ്‌ഖാന് വേറെ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.







0 comments