ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷൻ, ആലങ്ങാട് ബ്ലോക്ക് മനയ്ക്കപ്പടി, വരാപ്പുഴ
യുഡിഎഫിന് സ്ഥാനാർഥിയില്ല

കൊച്ചി
എറണാകുളം ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിലേക്കും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനിലേക്കും കോൺഗ്രസ് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ സൂക്ഷ്‌മപരിശോധനയിൽ തള്ളി. മൂന്നിടത്തും യുഡിഎഫിന് ഡമ്മി സ്ഥാനാർഥികളില്ലാത്തത് ഇരട്ട പ്രഹരമായി.
ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ അഡ്വ. എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർഥിയെ പിന്തുണച്ചയാൾ ഡിവിഷനിലെ വോട്ടറല്ലാത്തതാണ് കാരണം. നിലവിൽ വല്ലാർപാടം ഡിവിഷൻ അംഗമാണ് എൽസി.
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ ചാത്തനാട് ബ്ലോക്ക് ഡിവിഷനും ഉൾപ്പെട്ടതാണ് പുതിയ ഡിവിഷനായ കടമക്കുടി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റാണ് എൽഡിഎഫ് സ്ഥാനാർഥി.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാംഡിവിഷനായ മനയ്ക്കപ്പടിയിൽ ഷെറീന ഷാജിയുടെയും 11-–ാം ഡിവിഷനായ വരാപ്പുഴയിൽ ജോൺസൺ പുനത്തിലിന്റെയും പത്രികകളാണ് തള്ളിയത്. ഖാദി ബോർഡിലെ ജീവനക്കാരിയാണ് എന്നതാണ് സെറീന ഷാജിക്ക് അയോഗ്യതയായത്. അഡ്വ. നമിത ജോസാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.
വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജോൺസൺ പുനത്തിലിന് ചെക്ക് കേസ് മറച്ചുവച്ചത് വിനയായി. പറവൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച വിവരം പത്രികയിൽ രേഖപ്പെടുത്തിയിരുന്നില്ല. മിഥുൻ ജോസഫാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.
തൃക്കാക്കരയിൽ മൂന്ന് പത്രിക തള്ളി
കാക്കനാട്
തൃക്കാക്കര നഗരസഭയിലേക്ക് ഒപ്പിടാതെ സമർപ്പിച്ച മൂന്ന് നാമനിർദേശ പത്രിക തള്ളി.
12–-ാം വാർഡിൽ എൽഡിഎഫിലെ കെ കെ സന്തോഷ്, 23–-ാം വാർഡിൽ യുഡിഎഫിലെ പ്രവീണ അജിത്ത്, രണ്ടാംവാർഡിൽ ബിജെപിയിലെ കെ കെ സജയൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. വനിതാ സംവരണവാർഡുകളിലൊന്നിൽ ലഭിച്ച പുരുഷ സ്ഥാനർഥിയുടെ പത്രികയും തള്ളി.
12–ാം വാർഡിൽ എൽഡിഎഫിലെ ഡമ്മി സ്ഥാനാർഥി കെ കെ പ്രസാദിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, 23ൽ യുഡിഎഫിന് ഡമ്മി സ്ഥാനാർഥിയില്ല. ഇവിടെ കോൺഗ്രസ് വിമതയായി മത്സരിക്കുന്ന മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിജി സുരേഷിന്റെ പത്രിക സ്വീകരിച്ചു.
കവളങ്ങാട് പഞ്ചായത്തിലെ രണ്ട് പത്രികകളിൽ ഹിയറിങ് നാളെ
കവളങ്ങാട്
സൂക്ഷ്‌മപരിശോധനയിൽ കവളങ്ങാട് പഞ്ചായത്തിലെ അഞ്ച്, 14 വാർഡുകളിലെ രണ്ട് പത്രികകളിൽ തീരുമാനം എടുക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. അഞ്ചാം വാര്‍ഡില്‍ വിമതനായി പത്രിക സമർപ്പിച്ച കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോഷി കുര്യാക്കോസ്, 14–ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുല്‍സു സലിം എന്നിവരുടെ പത്രികകളാണ് തീരുമാനം എടുക്കാതെ മാറ്റിവച്ചത്.
വസ്തുനികുതി കുടിശ്ശിക ഉണ്ടെന്ന പരാതിയെ തുടർന്നാണ് ഇരുവരുടെയും പത്രിക മാറ്റിവച്ചിട്ടുള്ളത്. തിങ്കൾ പകൽ രണ്ടിന് ഹിയറിങ് നടത്തി അന്തിമതീരുമാനമെടുക്കും. അഞ്ചാംവാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി.
കേസ്‌വിവരം പത്രികയിലില്ല; യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയിൽ തീരുമാനം നാളെ
ആലുവ
എടത്തല പഞ്ചായത്ത് 23–-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ്. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും കലക്ടര്‍ക്കും പരാതി നല്‍കി.
കോണ്‍ഗ്രസ് നൊച്ചിമ മണ്ഡലം പ്രസിഡന്റ് എ എ മായിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പത്രികയില്‍ കേസുകളുടെ വിവരങ്ങളില്‍ ശിക്ഷിക്കപ്പെട്ട കേസിന്റെ വിവരം മറച്ചുവച്ചതായാണ് പരാതി. മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘവുമായി ബന്ധപ്പെട്ട് 2018ല്‍ ആലുവ മുന്‍സിഫ് കോടതിയിലെ കേസിൽ 5800 രൂപ പിഴയടയ്‌ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ വിവരങ്ങളൊന്നും പത്രികയില്‍ കാണിച്ചിരുന്നില്ല.
എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി വി എ ഷംസുദീനാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. ഇതിൽ തിങ്കളാഴ്ച തീരുമാനണ്ടാകും. സ്വപ്‌ന ഉണ്ണിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.







0 comments