ബ്രഹ്മപുരം രണ്ടാംഘട്ടത്തിലെ ഭൂമിയേറ്റെടുക്കൽ

സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കാൻ സർക്കാർ 85 കോടി അനുവദിച്ചു

bramhapuram plant
avatar
സ്വന്തം ലേഖകൻ

Published on Nov 23, 2025, 03:07 AM | 1 min read

കൊച്ചി


ബ്രഹ്മപുരം പ്ലാന്റിന്റെ രണ്ടാംഘട്ട വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഇടക്കാലവിധിപ്രകാരമുള്ള വിധിക്കട തുക കെട്ടിവയ്‌ക്കാൻ സംസ്ഥാന സർക്കാർ 85.40 കോടി രൂപ അനുവദിച്ചു. ആറാഴ്‌ചയ്‌ക്കകം തുക കെട്ടിവയ്‌ക്കാനാണ്‌ സുപ്രീംകോടതി നിർദേശം. തുക കെട്ടിവയ്‌ക്കാത്തപക്ഷം ഇടക്കാല വിധി സ്‌റ്റേചെയ്‌ത്‌ ജപ്‌തിനടപടികളിലേക്ക്‌ നീങ്ങുമെന്നതിനാൽ, കൊച്ചി കോർപറേഷന്റെ അപേക്ഷ പരിഗണിച്ചാണ്‌ സർക്കാർ അടിയന്തരമായി പണം അനുവദിച്ചത്‌.

ബ്രഹ്മപുരത്തെ രണ്ടാംഘട്ട വികസനത്തിന്‌ 18.33 ഹെക്ടർ സ്ഥലം ഏറ്റെടുത്തതിന്റെ ഭാഗമായി പെരുന്പാവൂർ കോടതിയിൽ 186 കേസുകൾ ഫയൽചെയ്‌തിരുന്നു. ഇതിലെ വിധിക്കെതിരെ സർക്കാരും കോർപറേഷനും ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും പ്രതികൂല വിധിയുണ്ടായി. പെരുന്പാവൂർ കോടതി നിശ്ചയിച്ചതിനേക്കാൾ ഉയർന്ന തുക നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. തുടർന്നാണ്‌ അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശപ്രകാരം സുപ്രീംകോടതിയെ സമീപിച്ചത്‌. കഴിഞ്ഞ ഫെബ്രുവരിയിലെ സുപ്രീംകോടതിയുടെ ഇടക്കാലവിധിയിൽ, പെരുന്പാവൂർ കോടതിവിധി പ്രകാരമുള്ള മുഴുവൻ തുകയും ആറാഴ്‌ചയ്‌ക്കകം കെട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ടു. 107 കേസുകളിലെ വിധിക്കട തുക കോർപറേഷൻ നൽകി. ശേഷിക്കുന്ന 48 കേസുകളുടെ വിധിക്കട തുകയ്‌ക്കുള്ള പണമാണ്‌ ഇപ്പോൾ സർക്കാർ അനുവദിച്ചത്‌. അത്രയും പണം ഒന്നിച്ചുനൽകാൻ കോർപറേഷന്റെ പക്കലില്ലെന്ന്‌ കാണിച്ച്‌ സെക്രട്ടറി സർക്കാരിന്‌ അപേക്ഷ നൽകിയിരുന്നു. വിധിക്കട തുക അടയ്‌ക്കാത്തപക്ഷം സുപ്രീംകോടതിയുടെ ഇടക്കാല വിധി റദ്ദായാൽ ജപ്‌തി ഉൾപ്പെടെ നടപടികളുടെ ഭാഗമായി സർക്കാരിനും കോർപറേഷനും വൻ സാന്പത്തിക ബാധ്യതയാണുണ്ടാകുക.

​ബ്രഹ്മപുരത്തെ രണ്ടാംഘട്ട വികസനത്തിന്‌ സ്ഥലമേറ്റെടുക്കാൻ 158.42 കോടി രൂപയാണ്‌ സർക്കാർ ഇതുവരെ കോർപറേഷന്‌ നൽകിയിട്ടുള്ളത്‌. അതിൽ 85 കോടിരൂപ സ്ഥലമേറ്റെടുക്കലിനും 72 കോടി രൂപ നഷ്ടപരിഹാര കേസുകളിൽ പെരുന്പാവൂർ കോടതിയിൽ കെട്ടിവയ്‌ക്കാനുമാണ്‌ അനുവദിച്ചത്‌. ഇ‍ൗ പണം കോർപറേഷന്റെ പ്ലാൻഫണ്ടിൽനിന്ന്‌ 28 തവണയായി തിരിച്ചുപിടിക്കാനാണ്‌ തീരുമാനിച്ചത്‌. അതനുസരിച്ച്‌ സാന്പത്തിക വർഷങ്ങളിലായി 50.82 കോടി രൂപ പിടിച്ചെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home