162 വിദേശയാത്രകൾ, ആയുധശൃംഖലയുമായി ബന്ധം, ഷെൽ കമ്പനികൾ; ആരാണ്‌ വ്യാജ എംബസി കേസിൽ അറസ്റ്റിലായ ഹർഷവർധൻ ജെയിൻ

west arctica fake embassy
വെബ് ഡെസ്ക്

Published on Jul 27, 2025, 03:37 PM | 2 min read

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന്‌ വ്യാജ എംബസി നടത്തിപ്പ്‌ കേസിൽ അറസ്റ്റിലായ ഹർഷവർധൻ ജെയിനിനെ കുറിച്ച്‌ പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങൾ. 10 വർഷം കൊണ്ട്‌ 162 രാജ്യങ്ങൾ സന്ദർശിച്ച ഹർഷവർധന്റെ പേരിൽ നിരവധി വിദേശ ബാങ്ക് അക്കൗണ്ടുകളാണുള്ളത്‌. മാത്രമല്ല 300 കോടിയുടെ തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ അഹ്‌സാന്‍ അലി സയ്യിദുമായി ഇയാൾക്ക്‌ ബന്ധമുള്ളതായും സംശയമുണ്ട്‌. ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണ്‌ ഇയാൾ എന്ന്‌ നേരത്തെ തന്നെ പൊലീസ്‌ പറഞ്ഞിരുന്നു.


യുപിയിൽ ‘വെസ്റ്റ്‌ ആർക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവർത്തിപ്പിച്ച്‌ ജോലി തട്ടിപ്പ്‌ നടത്തിയതിനാലാണ്‌ ഗാസിയബാദ്‌ സ്വദേശിയായ ഹർഷവർധൻ ജെയിൻ അറസ്റ്റിലാവുന്നത്‌. വാടകയ്ക്ക്‌ എടുത്ത വീട്ടിലായിരുന്നു ഇയാൾ എംബസി നടത്തിയിരുന്നത്‌. സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും ഇയാൾ തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.


സ്വയം പ്രഖ്യാപിത ആൾദൈവമായ ചന്ദ്രസ്വാമിയുമായി അടുത്ത ബന്ധമാണ്‌ ഹർഷവർധനുള്ളത്‌. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്‌നാൻ ഖഷോഗിയെയും ഇന്ത്യയിൽ ജനിച്ച തുർക്കി പൗരനായ അഹ്‌സാൻ അലി സയ്യിദിനെയും പരിചയപ്പെട്ടാണ്‌ ഇയാൾ അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമാവുന്നത്‌. പി വി നരസിംഹ റാവു, ചന്ദ്രശേഖർ, വി പി സിങ്‌ തുടങ്ങിയ പ്രധാനമന്ത്രിമാരുമായു ചന്ദ്രസ്വാമിക്ക്‌ ബന്ധമുണ്ടായിരുന്നെന്ന്‌ എബിപി ലൈവ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ഇയാൾ രാജീവ്‌ ഗാന്ധി വധത്തിന്‌ സാമ്പത്തിക സഹായം നൽകിയതായും ആരോപണമുണ്ട്‌.


അഹ്‌സാൻ അലി സയ്യിദും ജെയിനും ചേർന്ന്‌ 25 ഷെൽ കമ്പനികളാണ്‌ സ്ഥാപിച്ചത്‌. യുകെയിൽ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങളും ഹർഷവർധൻ സ്ഥാപിച്ചു. സാമ്പത്തിക തട്ടിപ്പുകൾക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകൾക്കും വേണ്ടിയാണ്‌ ഇത്തരം കമ്പനികൾ ജെയിൻ രൂപീകരിച്ചതെന്നും അന്വേഷക സംഘം പറയുന്നു.


2017 മുതൽ വെസ്റ്റ്‌ ആർക്ടിക്കയുടെ പേരിൽ വ്യാജ എംബസി പ്രവർത്തിച്ചിരുന്നതായാണ്‌ വിവരം. ആറ്‌ മാസം മുൻപാണ്‌ നിലവിലുള്ള കെട്ടിടത്തിലേക്ക്‌ ഹർഷവർധൻ എംബസി മാറ്റുന്നത്‌. എംബസിയുടെ വിശ്വാസമുറപ്പിക്കുന്നതിനായി ഹർഷവർധൻ ചാരിറ്റി പ്രവർത്തനങ്ങളും സമൂഹ സദ്യയുമുൾപ്പെടെ നടത്തിയിരുന്നു.

യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെന്റി 2001ല്‍ സ്ഥാപിച്ച ഒരു 'മൈക്രോനേഷന്‍' ആണ് വെസ്റ്റ്ആര്‍ക്ടിക'. ഒരു പരമാധികാര രാഷ്‌ട്രമായി ആരും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. ഈ രാജ്യത്തിന്റെ അംബാസഡര്‍ എന്ന പേരിലാണ് ഹര്‍ഷവര്‍ധന്‍ ഗാസിയാബാദിലെ രണ്ടുനില വീട്ടില്‍ ഓഫീസ് സ്ഥാപിച്ചത്. വെസ്റ്റ്ആര്‍ക്ടികയുടേതെന്ന പേരില്‍ പതാകയും ഇന്ത്യയുടെ ദേശീയപതാകയും കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു.


ഗാസിയാബാദിലെ അറിയപ്പെടുന്ന വ്യാവസായിക കുടുംബത്തിലാണ്‌ ഹർഷവർധൻ ജെയിന്റെ ജനനം. പിതാവ് ജെ ഡി ജെയിൻ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനിൽ ജെ ഡി മാർബിൾസ് എന്ന പേരിൽ മാർബിൾ ഖനികളുമുണ്ട്. ഗാസിയാബാദിലെ സ്വകാര്യ കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം (ബിബിഎ) നേടുന്ന ഹർഷവർധൻ ജെയിൻ ലണ്ടനിൽ നിന്നാണ്‌ എംബിഎ നേടിയത്‌.


വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ പതിച്ച നാല് കാറുകൾ, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകൾ, വിദേശ കറൻസി, ഒന്നിലധികം കമ്പനികളുമായി ബന്ധപ്പെട്ട രേഖകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ സീൽ പതിച്ച വ്യാജ രേഖകൾ, രണ്ട് വ്യാജ പാൻ കാർഡുകൾ, വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും 34 റബർ സ്റ്റാമ്പുകൾ, 18 വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ, 44.7 ലക്ഷം രൂപ, ആഡംബര വാച്ച്‌ എന്നിവ അന്വേഷക സംഘം പ്രതിയിൽനിന്ന്‌ കണ്ടെടുത്തിരുന്നു. ഉത്തർപ്രദേശിലെ സ്‌പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സാണ്‌ ജെയിനിനെ കസ്റ്റഡിയിലെടുക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home