ഇത്രയും മോശം റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്ന് സുപ്രീംകോടതി; ദേശീയപാത അതോറിറ്റിക്ക് രൂക്ഷവിമർശനം

പാലിയേക്കര ടോൾ പ്ലാസ
ന്യൂഡൽഹി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്എഐ) സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇത്രയും മോശമായ റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കാനാകുകയെന്ന് ചീഫ് ജസ്റ്റിസ് ബി എസ് ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ചോദിച്ചു. ആംബുലന്‍സിന് പോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ്. എസ്‌കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും ഒരിക്കല്‍ ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ താനും കുടുങ്ങിയെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിമര്‍ശിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ജനങ്ങള്‍ ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ല. ഹൈക്കോടതി നിര്‍ദേശിച്ചത് പ്രകാരം ആദ്യം റോഡുകള്‍ നന്നാക്കി, ഗതാഗത കുരുക്ക് പരിഹരിക്കൂ. എന്നിട്ടാകാം അപ്പീലുമായി എത്തുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദേശീയ പാതയില്‍ ഗതാഗത കുരുക്കില്ലെന്നും കവലകളിലാണ് പ്രശ്‌നമെന്നുമായിരുന്നു സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. 2.5 കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കെന്നും എന്‍എച്ച്എഐ വിശദീകരിച്ചു. എന്നാല്‍ ആസൂത്രണഘട്ടത്തില്‍ അവിടെ അണ്ടര്‍പാസുകളോ ഫ്‌ലൈഓവറോ നിര്‍മ്മിക്കണമായിരുന്നുവെന്നും റോഡ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണോ ടോള്‍ പിരിവ് തുടങ്ങിയതെന്നും കോടതി ചോദിച്ചു. ഗതാഗതക്കുരുക്ക് സംബന്ധിച്ച പത്രവാര്‍ത്തകളും കോടതി പരാമര്‍ശിച്ചു. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ചയാണ് പാലിയേക്കര ടോൾ പ്ലാസയിലെ പിരിവ് ടോൾ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ എൻഎച്ച്എഐ പൂർണമായും പരാജയപ്പെട്ടതോടെയാണ് ടോൾ പിരിവ് ഒരുമാസത്തേക്ക് നിർത്തിവയ്‌പിച്ചത്.









0 comments