ഷിംല കരാറും ഇന്ത്യ– പാക് സംഘർഷങ്ങളും

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പുവെയ്ക്കുന്നു
ടി എസ് ശ്രുതി
Published on Apr 24, 2025, 08:48 PM | 2 min read
1965 ൽ പടിഞ്ഞാറൻ അതിർത്തികളിൽ വച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വെറും രണ്ടാഴ്‌ച മാത്രമേ ആ ഏറ്റുമുട്ടൽ നീണ്ടു നിന്നിരുന്നുള്ളുവെങ്കിലും ഇരു രാജ്യങ്ങൾക്കിടയിലുണ്ടായ നിർണായക സംഘർഷങ്ങളിലൊന്നായിരുന്നു അത്. 1971 ഡിസംബർ 16 ന് കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) 90,000 ത്തിലധികം പാകിസ്ഥാൻ സൈനികർ കീഴടങ്ങി. കിഴക്കൻ മേഖലയിലെ കീഴടങ്ങൽ പടിഞ്ഞാറൻ മേഖലയിലും വെടിനിർത്തലിന് കാരണമായി. ഇതോടെ യുദ്ധം അവസാനിക്കുകയും ഇന്ത്യ വിജയിക്കുകയും ബംഗ്ലാദേശെന്ന പുതിയ രാഷ്‌ട്രം ജനിക്കുകയും ചെയ്‌തു. അടുത്ത ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു. ധാക്കയിൽ 93,000 പാകിസ്ഥാൻ സൈനികർ കീഴടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു അത്.
1972 ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഷിംലയിൽ വെച്ച് കരാറിൽ ഒപ്പുവെച്ചു. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ച് ഈ സമാധാനക്കരാർ ഒപ്പുവെച്ചത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ബന്ധങ്ങളിൽ പുരോഗതി കൊണ്ടുവന്നു. 1972 ജൂലൈ 2 ന് ഒപ്പുവച്ച കരാർ ആഗസ്ത് 4 ന് പ്രാബല്യത്തിൽ വന്നു.
അന്താരാഷ്ട്ര അതിർത്തിരേഖയിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പതാകകൾക്ക് സമീപം പാകിസ്ഥാൻ റേഞ്ചർ നിൽക്കുന്നു
ഷിംലാകരാറിലെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളും അവരുടെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിയ്ക്കാൻ തീരുമാനിച്ചു. ഇരു കൂട്ടരുടെയും അതിർത്തികൾ പരസ്‌പരം മാനിയ്ക്കാനും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത - വാർത്താവിനിമയ ബന്ധങ്ങൾ താമസിയാതെ പുനസ്ഥാപിക്കപ്പെട്ടു. പിൽകാലത്ത് ഇന്ത്യ– പാക് ബന്ധം മെച്ചപ്പെടുന്നതിനും നിരവധി പുതിയ ഉടമ്പടികളും കരാറുകളും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെയ്ക്കുന്നതിന് ഷിംലയിൽ വെച്ചു ഒപ്പുവെച്ച ആ ഉടമ്പടി കാരണമായി. ന്യൂക്ലിയർ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന 1985 ലെ കരാറും സൈനിക നടപടികൾ മുൻകൂട്ടി വെളിപ്പെടുത്തുമെന്ന് വ്യവസ്ഥചെയ്യുന്ന 1991ലെ ഉടമ്പടിയും മയക്കുമരുന്നു കള്ളക്കടത്തിനെ ശക്തമായി നേരിടുമെന്ന 1993 ലെ കരാറും ഇതിനുശേഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ചവയാണ്.
1949 ലെ കറാച്ചി കരാറും ഷിംല കരാറിന്റെ ലംഘനവും
1949-ൽ കറാച്ചിയിൽ വെച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക പ്രതിനിധികൾ ഒപ്പുവച്ച കരാറാണ് കറാച്ചി കരാർ.1947 ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭാ കമീഷന്റെ മേൽനോട്ടത്തിൽ ചർച്ച ചെയ്ത ഈ കരാർ, കശ്മീരിൽ വെടിനിർത്തൽ കൊണ്ടുവന്നു. യുഎൻസിഐപിയുടെ ചർച്ചകൾക്കായുള്ള ഉപസമിതിയാണ് ഇതിന്റെ മേൽനോട്ടം വഹിച്ചത്. എന്നാൽ പിന്നീട് കറാച്ചി കരാർ പ്രകാരം വേർതിരിച്ച ഇന്ത്യൻ പ്രദേശമായ സിയാച്ചിനിൽ നിയന്ത്രണം ഏറ്റെടുക്കാൻ പാകിസ്ഥാൻ ശ്രമിച്ചു, കൂടാതെ സിംല കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനും ശ്രമിച്ചു. 1984 ൽ ഇന്ത്യ ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചു. അതുവഴി സിയാച്ചിനിലെ ഹിമാനി പൂർണമായും നിയന്ത്രിക്കപ്പെട്ടു.
1949 ലെ വെടിനിർത്തൽ രേഖ
തുടർന്ന് ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം, പാകിസ്ഥാൻ നിയന്ത്രണ രേഖ കടന്ന് കാർഗിലിൽ 150 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഏകപക്ഷീയമായി നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനുള്ള പാകിസ്ഥാന്റെ നീക്കം യുദ്ധത്തിൽ കലാശിച്ചു. കാർഗിൽ സംഘർഷത്തോടെ ഇന്ത്യ–പാക് ബന്ധം അങ്ങേയറ്റം വഷളായി. ഷിംലകരാറിന്റെ ലംഘനമായി അത് മാറി. കാർഗിൽ സംഘർഷത്തിന് നാല് വർഷത്തിന് ശേഷം 2003 ൽ ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണ രേഖയിൽ വെടിനിർത്തലിന് സമ്മതിച്ചു. 2003 മുതൽ 2006 വരെ ഈ വെടി നിർത്തൽ പാലിച്ചു. എന്നാൽ 2006 മുതൽ പാകിസ്ഥാൻ പലതവണ കരാർ ലംഘിച്ചു.









0 comments