രാജ്യത്ത് മൺസൂൺ നേരത്തെ; ഉത്തരേന്ത്യയിൽ ജാഗ്രത നിർദേശം

ന്യൂഡൽഹി: ഇത്തവണ രാജ്യത്ത് മൺസൂൺ നേരത്തെ. ഒമ്പത് ദിവസം മുമ്പേ മൺസൂൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജസ്ഥാന്റെ ചില ഭാഗങ്ങൾ, ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ മൺസൂൺ എത്തിയതായി ഐഎംഡി അറിയിച്ചു. ജൂലൈ 8 ന് എത്തേണ്ട മൺസൂണാണ് ഒമ്പത് ദിവസം മുമ്പേ എത്തിയത്.
ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹി-എൻസിആറിൽ നേരിയ മഴ പെയ്തിരുന്നു. രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, ഐജിഐ വിമാനത്താവളം എന്നിവിടങ്ങളിൽ മഴയും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഹരിയാനയിലും ഉത്തർപ്രദേശിലെ നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മഴയും മിന്നലും ഉണ്ടായി. പലയിടത്തും കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയായിരുന്നു.
കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേതുടർന്ന് ചാർ ധാം യാത്ര അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. ബദരീനാഥിലേക്കും കേദാർനാഥിലേക്കും പോകുന്ന തീർഥാടകരെ ശ്രീനഗറിലും രുദ്രപ്രയാഗിലും തടഞ്ഞിട്ടുണ്ടെന്നും യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കുമുള്ള തീർത്ഥാടകരെ വികാസ്നഗറിലും ബാർകോട്ടിലും തടഞ്ഞിട്ടുണ്ടെന്നും ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉധം സിംഗ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി പറഞ്ഞു. ഇവിടെയെല്ലാം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 1, 2 തീയതികളിൽ ഉത്തരാഖണ്ഡിലുടനീളം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തരകാശിയിലെ ബാർകോട്ടിലെ സിലായ് ബാൻഡിന് സമീപം ശനിയാഴ്ച പുലർച്ചെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. യമുനോത്രി, ഗംഗോത്രി ഹൈവേകളുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഹിമാചൽ പ്രദേശും കനത്ത ജാഗ്രതയിലാണ്. ബിലാസ്പൂർ, ചമ്പ, ഹാമിർപൂർ, കാംഗ്ര, കുളു, മാണ്ഡി, ഷിംല, സിർമൗർ, സോളൻ, ഉന ജില്ലകളിലെ ചില ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഹൈഡ്രോമെറ്റ് ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ ഉപരിതല നീരൊഴുക്കും വെള്ളപ്പൊക്കവും ഉണ്ടാകാം.









0 comments