ഇൗ പട്ടയത്തിന് രണ്ട് ജീവന്റെ വിലയുണ്ട് ; കോൺഗ്രസ് വരുത്തിവച്ച കടമാണ് തീർക്കാൻ ആവശ്യപ്പെട്ടത്: എൻ എം വിജയന്റെ മരുമകൾ

വയനാട് : ‘‘ഇൗ പട്ടയത്തിന് ഞങ്ങളുടെ വീട്ടിലെ രണ്ട് ജീവന്റെ വിലയുണ്ട്. അച്ഛൻ യാചിച്ച് പറഞ്ഞപ്പോൾ ഇത് എടുത്ത് കൊടുത്തിരുന്നെങ്കിൽ ഞങ്ങളുടെ വീട്ടിൽ ഇപ്പൊ രണ്ട് ജീവൻ ഉണ്ടായേനെ.’’ കോൺഗ്രസ് നിയമന കോഴയിൽ കുടുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. കോൺഗ്രസിൽ നിന്ന് നിരന്തരമായി അവഗണനയും ആക്ഷേപവും മാത്രമാണ് ലഭിച്ചതെന്ന് പത്മജ വ്യക്തമാക്കി. . കോൺഗ്രസ് ആദ്യം ഞങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അമ്പത് വർഷം പാർടിക്കുവേണ്ടി ജീവിച്ച ഒരാളോടും കുടുംബത്തോടും കാണിക്കേണ്ട നീതി ആയിരുന്നില്ല കോൺഗ്രസ് ഞങ്ങളോട് കാണിച്ചത്. എന്നിട്ടും അവർ വീണ്ടും വന്നപ്പോൾ ഞങ്ങൾ സ്വീകരിച്ചു. അതിനുശേഷം എഗ്രിമെന്റ് ഒപ്പിട്ടു. ഇത്രയും മാസങ്ങളായി കോൺഗ്രസ് പറഞ്ഞതുപോലെയാണ് ചെയ്തത്. നിരന്തരമായി അവഗണനയും ആക്ഷേപവും മാത്രമാണ് ലഭിച്ചത്.
സൈബര്‍ ആക്രമണം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിൽ എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ്. ഇങ്ങനെയാണോ ഒരു പാർടി ചെയ്യേണ്ടത്. നേരത്തെ പണം നല്‍കിയിരുന്നെങ്കില്‍ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് പാർടി വരുത്തിവച്ച കടമാണ് അവരോട് തീർക്കാൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് ഉപസമിതി അംഗങ്ങൾ വീട്ടിൽ വന്നാണ് ബാധ്യതകളുടെ ലിസ്റ്റ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് നൽകണമെന്നു പറഞ്ഞത്. അങ്ങനെ നോക്കിയപ്പോഴാണ് രണ്ടരക്കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് മനസിലാക്കിയത്. ആദ്യം ചെയ്തു തരാമെന്നാണ് പറഞ്ഞത്. പിന്നെ കെപിസിസിയിൽ ഫണ്ട് ഇല്ല എന്ന് പറഞ്ഞു. മുഴുവൻ തുകയും നൽകാമെന്ന് കെപിസിസി പറഞ്ഞെങ്കിലും അത് മാറ്റുകയായിരുന്നു. കെ പി സി സിക്ക് അത്രയും ഫണ്ട് നല്‍കാനില്ല എന്ന് പറഞ്ഞപ്പോഴാണ് ഇത്രയും തുക എന്ന എഗ്രിമെന്റിന് നിന്നത്- പത്മജ പറഞ്ഞു. എൻ ഡി അപ്പച്ചന്റെ രാജി അനിവാര്യമായതായിരുന്നുവെന്നും കർമ എന്നത് സത്യമാണെന്നും പത്മജ പറഞ്ഞു.









0 comments