വഖഫ് അനിവാര്യമായ മതാചാരമല്ലെന്ന് കേന്ദ്രം

റിതിൻ പൗലോസ്
Published on May 22, 2025, 12:00 AM | 1 min read
ന്യൂഡൽഹി
വഖഫിന്റെ മതപരമായ സ്വത്വത്തെ സുപ്രീംകോടതിയിൽ ചോദ്യംചെയ്‌ത് കേന്ദ്രസർക്കാർ. വഖഫ് അനിവാര്യമായ ഇസ്ലാമിക മതാചാരമല്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചിനുമുമ്പാകെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദമുന്നയിച്ചത്.
ബാധിക്കപ്പെട്ട ഒരാളെയും ഹർജിക്കാർ പ്രതിനിധാനം ചെയ്യുന്നില്ല. സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ ഊന്നിയും അതിൽ ലഭിച്ച അഭിപ്രായങ്ങൾ ഉയർത്തിക്കാട്ടിയും തന്ത്രപരമായാണ് സോളിസിറ്റർ ജനറൽ വാദമുന്നയിച്ചത്. എന്നാൽ ഹർജിക്കാർ ചൊവ്വാഴ്‌ച ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല. വഖഫ് ബൈ യൂസർ മൗലികാവകാശമല്ലെന്നും ഭരണഘടന സംരക്ഷണം ആവശ്യപ്പെടാനാവില്ലെന്നും തുഷാർ മേത്ത വാദിച്ചു. അതിനാൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്ന വാദത്തിന് പ്രസക്തിയില്ല. ക്ഷേത്ര ധർമസ്ഥാപനങ്ങളെപ്പോലെ മതകാര്യംമാത്രം നോക്കുന്നതല്ല വഖഫ്.
രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ പദവി നഷ്‌ടപ്പെടുമെന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മേത്ത പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചരിത്രസ്‌മാരങ്ങളുടെ വഖഫ് പദവി നഷ്‌ടപ്പെടുംവിധമുള്ള മൂന്ന് ഡി വകുപ്പ് ചർച്ചകൂടാതെ കൂട്ടിച്ചേർത്തതാണെന്നും അത് കോടതി രേഖപ്പെടുത്തിയതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാദം വ്യാഴാഴ്‌ച തുടരും. :









0 comments