കലക്‌ടർമാരുടെ അധികാരത്തിന് സ്റ്റേ
വഖഫ് തർക്കം: അന്തിമ തീരുമാനം കോടതിയുടേത്

ന്യൂഡൽഹി: വഖഫ് തർക്കങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ട്രിബ്യൂണലും ഹൈക്കോടതിയുമാണെന്ന് നിരീക്ഷിച്ചാണ് പദവി റദ്ദാക്കാൻ കലക്‌ടർമാർക്ക് അധികാരം നൽകിയ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേചെയ്‌തത്. മൂന്ന് സി വകുപ്പിലെ രണ്ട്, മൂന്ന്, നാല് വ്യവസ്ഥകൾ പ്രകാരം കലക്‌ടർക്ക് വിപുലമായ അധികാരങ്ങൾ നൽകിയതിനാണ് സ്റ്റേ. റവന്യൂ തർക്കങ്ങളിൽ ഉദ്യോഗസ്ഥൻ അന്തിമ തീരുമാനമെടുക്കുന്നത് അധികാര വിഭജനമെന്ന ഭരണഘടനാതത്വത്തിന് വിരുദ്ധം. അന്തിമ തീരുമാനം ട്രിബ്യൂണലും ഹൈക്കോടതിയുമാണ് എടുക്കേണ്ടത്. കലക്‌ടർക്ക് റവന്യൂരേഖകൾ തിരുത്താൻ അധികാരം നൽകുന്നത് ഏകപക്ഷീയം.
മറ്റ് നിരീക്ഷണങ്ങൾ
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിത സ്‌മാരകമാക്കിയാലും മസ്‌ജിദുകളിൽ പതിവ് പ്രാർഥന തടയാനാകില്ല. അതിനാൽ, എഎസ്‌ഐ സ്‌മാരകങ്ങളുടെ വഖഫ് പദവി ഒഴിവാക്കാനുള്ള വ്യവസ്ഥ സ്റ്റേചെയ്യുന്നില്ല.
മുസ്ലിം ഇതര മതസ്ഥരെ തിരുകിക്കയറ്റുന്നത് മതകാര്യങ്ങളിൽ ഇടപെടലാണെന്ന ചോദ്യം ഇൗ ഘട്ടത്തിൽ ആഴത്തിൽ പരിശോധിക്കുന്നില്ല.
വഖഫ് ഭേദഗതി നിയമത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയ മൂന്ന് ആർ വകുപ്പ് പ്രകാരം അഞ്ചുവർഷം മുസ്ലിമായി ജീവിച്ചവർക്ക് മാത്രമേ വഖഫ് നൽകാൻ അവകാശമുണ്ടായിരുന്നുള്ളു. അഞ്ചുവർഷം മുസ്ലിമായി ജീവിച്ചുവെന്ന് കണ്ടെത്താനുള്ള സംവിധാനം സർക്കാർ രൂപീകരിക്കുംവരെ ഇൗ വകുപ്പ് സ്റ്റേചെയ്‌തു.
വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ 1923 മുതൽ നിലനിന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫുകളുടെ രേഖകൾ രജിസ്‌ട്രേഷൻ നടത്താൻ നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ രജിസ്‌ട്രേഷൻ വ്യവസ്ഥകളിൽ തൽക്കാലം ഇടപെട്ടില്ല.
വഖഫ് ഭേദഗതി നിയമം വിധി സ്വാഗതാർഹം: സമസ്‌ത
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിലെ വിവാദവകുപ്പുകൾ സ്‌റ്റേചെയ്‌ത സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
വിധി പ്രതീക്ഷാജനകം: കാന്തപുരം
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബിൽ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പറഞ്ഞു. സ്റ്റേ ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തുപകരുന്നതാണ്. അദ്ദേഹം പറഞ്ഞു.
സ്റ്റേ കേന്ദ്രത്തിനേറ്റ കനത്തപ്രഹരം: മന്ത്രി വി അബ്ദുറഹിമാന്‍
തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമത്തിലെ ഭരണഘടനാവിരുദ്ധമായ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാറിനുള്ള കനത്ത തിരിച്ചടിയാണെന്ന് വഖഫ്, ഹജ്ജ് തീര്‍ഥാടന മന്ത്രി വി അബ്ദുറഹിമാന്‍. വഖഫ് നിയമ ദേദഗതി കടുത്ത അനീതിയാണെന്ന കേരള സര്‍ക്കാരിന്റെ നിലപാട് വിധിയിലൂടെ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനുള്ള നീക്കത്തിനുള്ള കനത്ത പ്രഹരമാണ് ഭാഗികമായി സ്റ്റേ ചെയ്തുള്ള വിധി. വഖഫ് ചെയ്യാന്‍ 5 വര്‍ഷം മുസ്ലിമായിരുന്ന ആള്‍ക്കേ പറ്റൂവെന്ന മതനിരപേക്ഷ കാഴ്ചപ്പാടിനെതിരായ വ്യവസ്ഥ സ്റ്റേ ചെയ്തത് ആശ്വാസകരമാണ്. വഖഫ് സ്വത്തിലെ തര്‍ക്കത്തില്‍ അന്വേഷണം തുടങ്ങിയാല്‍ ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥയിലെ കോടതി ഇടപെടല്‍ ശ്രദ്ധേയമാണ്. ഇതോടെ വഖഫ് ബോര്‍ഡിന്റെ അധികാരം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് അവരുടെ താല്‍പ്പര്യം നടപ്പാക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുമെന്ന അഹങ്കാരത്തിനേറ്റ കനത്ത അടിയാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments