വഖഫ്‌ ഭേദഗതി ന്യൂനപക്ഷ വേട്ടയ്‌ക്ക് ആയുധമാക്കി : സിപിഐ എം

Waqf Act Amendment cpim
വെബ് ഡെസ്ക്

Published on May 05, 2025, 03:21 AM | 2 min read


ന്യൂഡൽഹി : വഖഫ്‌ ഭേദഗതി ബിൽ ബിജെപി സർക്കാർ വർഗീയധ്രുവീകരണത്തിനും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമുള്ള ആയുധമാക്കിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ബിൽ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങൾക്കുനേരെ വർഗീയാതിക്രമങ്ങളുണ്ടായി.


മുസ്ലീംകളുടെ സ്വത്തുക്കൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണുണ്ടായത്‌. ഇനി ക്രിസ്‌ത്യൻ പള്ളികളുടെ സ്വത്തുക്കളാണ്‌ ലക്ഷ്യമെന്ന്‌ ചില ബിജെപി നേതാക്കൾ പ്രസ്‌താവനകൾ നടത്തി. ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന വാഗ്‌ദാനം ചെയ്‌ത അവകാശങ്ങളും സംരക്ഷണങ്ങളും ഇല്ലാതാക്കി സ്വത്ത് പിടിച്ചെടുക്കുകയാണ്‌ കേന്ദ്രസർക്കാരിന്റെ യഥാർഥ ഉദ്ദേശമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇത്തരം പ്രസ്‌താവനകൾ. അവസരം മുതലെടുക്കാൻ നോക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകൾ ഹിന്ദുത്വവർഗീയ ശക്തികളുടെ ചരടുവലിക്കനുസരിച്ച്‌ തുള്ളുകയാണെന്നും പൊളിറ്റ്‌ബ്യൂറോ കമ്യൂണിക്കെയിൽ പറഞ്ഞു.

പൊതുസെൻസസിന്‌ ഒപ്പം ജാതിസെൻസസും നടത്തണമെന്ന ദീർഘകാല ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചത്‌ നല്ല തീരുമാനമാണ്. ജാതി വിവരങ്ങൾ എങ്ങനെയാണ്‌ ശേഖരിക്കുന്നതെന്നും അതിന്റെ മാനദണ്ഡവും ഉൾപ്പടെയുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊതുസെൻസസ്‌ എത്രയും വേഗം നടത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്നും പിബി ആവശ്യപ്പെട്ടു.


ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം തടസ്സപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ്. ഗവർണർമാർ രാഷ്ട്രീയഏജന്റുകളായി പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ്‌ നൽകിയ കോടതി അവർക്കായി സമയബന്ധിതമായ മാർഗരേഖയും പുറപ്പെടുവിച്ചു. നിയമസഭകളുടെ താൽപര്യംകൂടി കണക്കിലെടുക്കണമെന്ന കോടതി നിർദേശം അംഗീകരിക്കാതെ വിധിയെ വെല്ലുവിളിക്കാനുള്ള നീക്കമാണ്‌ കേന്ദ്രം നടത്തുന്നത്‌. ഉപരാഷ്ട്രപതിയും ബിജെപി നേതാക്കളും സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രസ്‌താവനകൾ കോടതികളുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്നതാണ്.


ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റുകളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ‘ഓപറേഷൻ കഗർ’ആദിവാസികളെ ആശങ്കയിലും ഭീതിയിലും ആഴ്‌ത്തിയതായും പിബി ചൂണ്ടിക്കാട്ടി. സർക്കാർ സേനകളും മാവോയിസ്‌റ്റുകളും തമ്മിലുള്ള വെടിവെപ്പിൽ നിരപരാധികളായ ആദിവാസികളുടെ ജീവനുകൾ നഷ്ടപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കണം. സമാധാനചർച്ചക്ക് സർക്കാർ മുൻകൈ എടുക്കണം.


ട്രംപിനെ പ്രീണിപ്പിക്കുന്ന കേന്ദ്രം കര്‍ഷക 
താല്‍പ്പര്യം ഹനിക്കരുത്

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ ഉയർന്ന തീരുവ ചുമത്തിയതിനോട് പ്രതിഷേധിക്കാതെയും തീരുവകൾ സ്വമേധയാ വെട്ടിക്കുറച്ചും കേന്ദ്രസർക്കാർ അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ഉയർന്ന തീരുവയ്‌ക്കെതിരെ ചൈന, കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും വലിയ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ, കേന്ദ്രസർക്കാർ അമേരിക്കയുമായി വ്യാപാരകരാർ ഒപ്പിടാനുള്ള ചർച്ചകളുമായി മുന്നോട്ടുപോകുകയാണ്‌. അമേരിക്കന്‍ കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ ഇന്ത്യൻ വിപണി തുറക്കണമെന്നും പേറ്റന്റ്‌ നിയമങ്ങളിൽ വലിയ മാറ്റം വരുത്തണമെന്നും അമേരിക്ക സമ്മർദം ചെലുത്തുന്നു.

രാജ്യത്തിന്റെയും കർഷകരുടെയും താൽപര്യങ്ങൾക്ക്‌ എതിരായ ഇത്തരം നീക്കങ്ങളെ ഇന്ത്യ ഒരുകാരണവശാലും അംഗീകരിക്കാൻ പാടില്ല.




deshabhimani section

Related News

View More
0 comments
Sort by

Home