ബ്രിട്ടീഷുകാർ പോലും നടപ്പാക്കാത്ത വ്യവസ്ഥകളെന്ന് കപിൽ സിബൽ
വഖഫ് ഭേദഗതി നിയമം ; നിയമവിരുദ്ധത അക്കമിട്ട് നിരത്തി ഹർജിക്കാർ

റിതിൻ പൗലോസ്
Published on May 21, 2025, 12:00 AM | 1 min read
ന്യൂഡൽഹി
കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ വാദംതുടങ്ങി. മതസ്വാതന്ത്ര്യം, ആരാധനാവകാശം, മറ്റ് മൗലികവകാശങ്ങൾ എന്നിവയുടെ ലംഘനം തുടങ്ങിയവ ഹർജിക്കാർ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചിനുമുമ്പാകെ അക്കമിട്ട് നിരത്തി. ബുധനാഴ്‌ച വാദം തുടരും. കേന്ദ്രസർക്കാർ മറുവാദം അവതരിപ്പിച്ചശേഷം ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.
പാസാക്കുന്ന നിയമങ്ങൾക്ക് പൊതുവേ ഭരണഘടനാ സാധുതയുണ്ടെന്നാണ് തത്വമെന്നും ശക്തമായ കേസാണെന്ന് തെളിയിച്ചാലേ സ്റ്റേ ഉണ്ടാകുവെന്നും തുടക്കത്തിൽതന്നെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളുടെ പദവി, വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും മുസ്ലിം അല്ലാത്തവരെ നാമനിർദേശം ചെയ്യൽ, തർക്കങ്ങളിൽ കലക്‌ടറുടെ തീരുമാനം എന്നിങ്ങനെ മൂന്നുവിഷയങ്ങളിൽ മാത്രമായി വാദം ഒതുങ്ങിനിൽക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും അങ്ങനെയൊരു നിർദേശമില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തിരിച്ചടിച്ചു.
ബ്രിട്ടീഷുകാർപോലും നടപ്പിലാക്കാത്ത വ്യവസ്ഥകളാണ് 2025ലെ നിയമത്തിലുള്ളതെന്ന് സിബൽ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കുന്നതാണ് നിയമം. വഖഖ് സ്വത്തുക്കളിൽ തർക്കമുന്നയിച്ചാൽ സെക്‌ഷൻ സി പ്രകാരം പദവി നഷ്‌ടപ്പെടും. മസ്‌ജിദുകളിൽപോലും ആരാധന നടത്താനാവാതെ വരുന്നത് മതസ്വാതന്ത്ര്യലംഘനമാകും. തർക്കം പരിഹരിക്കാൻ സമയപരിധിയില്ല. രജിസ്റ്റർ ചെയ്‌തില്ലങ്കിൽ പദവി നഷ്‌ടപ്പെടുമെന്ന വ്യവസ്ഥ 1913 മുതൽ 2023 വരെയുള്ള നിയമങ്ങളിലില്ല. സെക്‌ഷൻ 3 ഡി സംരക്ഷിത സ്‌മാരകങ്ങളെപ്പോലും വഖഫ് അല്ലാതാക്കും. പല വ്യവസ്ഥകളും കോടതിയിൽ ചോദ്യം ചെയ്യാനാകില്ല. നിയമപരിഹാരം തേടാനുള്ള അനുച്ഛേദം 14ന്റെ ലംഘനമാണിത്.
പദവി നഷ്‌ടപ്പെടുന്നവ കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന വ്യവസ്ഥ സ്വകാര്യ സ്വത്തുക്കൾ നഷ്‌ടപരിഹാരം നൽകാതെ ഏറ്റെടുക്കാനാവില്ലെന്ന നിയമത്തിന് വിരുദ്ധമാണ്.
അഞ്ചുവർഷം മുസ്ലിമായി ജീവിച്ചാലേ വഖഫ് നൽകാനാവുവെന്നത് യുക്തിരഹിതമാണ്. വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്ലിങ്ങളെ നിയമിക്കുന്നത് ആ മതവിഭാഗത്തിനുമേൽ നടത്തുന്ന കടന്നുകയറ്റമാണ്.
ബോധ്‌ഗയ നിയമം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ അത് ഹിന്ദു–ബുദ്ധ ക്ഷേത്രമാണെന്നും വഖഫ് മുസ്ലിങ്ങൾക്കുവേണ്ടി മാത്രമുള്ളതാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി, അഭിഭാഷകരായ സി യു സിങ്, ഹുസെഫ അഹ്‌മദി, രാജീവ് ധവാൻ എന്നിവരും ആദ്യദിവസം വാദങ്ങളുന്നയിച്ചു.









0 comments