വഖഫ് ; വാദം പൂർത്തിയായി ; ഇടക്കാല ഉത്തരവിനായി മാറ്റി

ന്യൂഡൽഹി
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത് സമർപ്പിച്ച ഹർജികളിൽ മൂന്നുദിവസത്തെ വാദംപൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്‌ചയും ശക്തമായ വാദമുഖങ്ങളാണ് ഇരുപക്ഷവും ഉയർത്തിയത്.
വഖഫ് രൂപീകരിക്കാൻ അഞ്ചുവർഷം മുസ്ലിമാകണം, ആദിവാസി മേഖലയിലെ വഖഫ് രൂപീകരണത്തിനുള്ള വിലക്ക്, അമുസ്ലിങ്ങൾക്ക് വഖഫുണ്ടാക്കാനുള്ള വിലക്ക് തുടങ്ങിയ നിയമത്തിലെ വ്യവസ്ഥകളെ അനുകൂലിച്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ജെപിസി റിപ്പോർട്ടിലെ വിവരങ്ങൾ മേത്ത തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിക്കുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വഖഫ് ഇസ്ലാമിൽ അവിഭാജ്യഘടകമാണെന്നും വാദിച്ചു. ബിജെപി ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, ഒഡിഷ എന്നിവയും നിയമത്തെ അനുകൂലിച്ച് വാദമുന്നയിച്ചു.
● ശരിയത്ത് നിയമപ്രകാരവും മുസ്ലിം വ്യക്തിനിയമത്തിന്റെ ആനുകൂല്യം ലഭിക്കാനും ഒരാൾ മുസ്ലിമാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വഖഫ് രൂപീകരിക്കാൻ അഞ്ചുവർഷം മുസ്ലിമായിരിക്കണമെന്ന വ്യവസ്ഥ ദുരുപയോഗം തടയാനാണെന്നുമായിരുന്നു മേത്തയുടെ വാദം. അത്തരത്തിൽ തെളിയിക്കണമെന്ന് ശരിയത്ത് നിയമത്തിൽ വ്യവസ്ഥയില്ലെന്നും അഞ്ചുവർഷമെന്ന സമയപരിധി എവിടെയും കേട്ടിട്ടില്ലെന്നും മേത്തയുടെ വ്യാഖ്യാനം തെറ്റാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
● കലക്‌ടർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് പദവി ഇല്ലാതാകുന്ന സെക്‌ഷൻ മൂന്ന് സി മേത്ത തെറ്റായി വ്യഖ്യാനിച്ചുവെന്ന് കപിൽ സിബൽ. റവന്യൂരേഖയിൽ തിരുത്തൽ വരുന്നതോടെ വഖഫ് നഷ്‌ടപ്പെടും. എങ്ങനെയാണ് അന്വേഷണം എന്നുപോലും വ്യക്തമാക്കുന്നില്ല. രജിസ്‌ട്രേഷൻ നടത്തിയില്ലെങ്കിൽ പദവിയില്ലാതാകുമെന്ന് മുൻനിയമങ്ങളിൽ പറയുന്നില്ല. രജിസ്‌ട്രേഷൻ നടത്താത്തത് സംസ്ഥാനങ്ങളുടെ വീഴ്‌ച. അതിന് മുസ്ലിങ്ങളെ കേന്ദ്രം ശിക്ഷിക്കരുത്. ചരിത്രസ്‌മാരങ്ങളുടെ വഖഫ് പദവി നഷ്‌ടപ്പെടുംവിധമുള്ള മൂന്ന് ഡി വകുപ്പ് ജെപിസി റിപ്പോർട്ടിൽ ഇല്ലാത്തത്.
● വഖഫ് അനിവാര്യമായ മതാചാരമല്ലെന്ന വാദംതെറ്റ്. 200 വർഷമായി സംസ്‌കാരം നടത്തുന്ന ഖബറിസ്ഥാൻ അനിവാര്യമല്ലെന്ന് പറഞ്ഞാൽ എവിടെ സംസ്‌കാരം നടത്തും. വഖഫ് അള്ളാഹുവിന് നൽകുന്നതാണ്. അത് അനിവാര്യമായ മതാചാരം തന്നെയാണ്. വേദങ്ങളിൽ ക്ഷേത്രങ്ങളെ പരാമർശിക്കുന്നില്ല. തിരികെ വേദങ്ങളിലേക്ക് പോയാൽ ക്ഷേത്രം അനിവാര്യമല്ലെന്ന് കാണാമെന്ന് ഹർജിക്കാർ വാദിച്ചു.
● അമുസ്ലിങ്ങളെ വിലക്കി 2013ൽ നടപ്പാക്കിയ വ്യവസ്ഥയാണ് ഇപ്പോൾ എടുത്തുമാറ്റിയത്. 1923ലെ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല. മുസ്ലിങ്ങളല്ലാത്തവർക്ക് വഖഫ് രൂപീകരിക്കാതെ സംഭാവനകൾ മാത്രം നൽകാം–- മേത്ത വാദിച്ചു.









0 comments