വഖഫ് അനിവാര്യമായ മതാചാരമല്ലെന്ന് കേന്ദ്രം ; ഹർജികളിൽ കേന്ദ്രത്തിന്റെ മറുപടി

ന്യൂഡൽഹി : വിവാദവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൽ പ്രാഥമിക മറുപടി നൽകി കേന്ദ്രസർക്കാർ. ഏതെങ്കിലും മതത്തിന്റെ തത്വങ്ങൾക്കനുസരിച്ച് സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്താറാം അനുച്ഛേദം നൽകുന്നില്ലെന്നും വഖഫ് അനിവാര്യമായ മതാചാരമല്ലെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു. വഖഫ് ബോർഡുകൾ മുസ്‌ലിങ്ങളുടെ മാത്രം സ്ഥാപനമല്ലെന്നും വെള്ളിയാഴ്‌ച ന്യൂനപക്ഷമന്ത്രാലയം നൽകിയ സത്യവാങ്‌മൂലത്തിലുണ്ട്. കേന്ദ്രകൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്‌ലിങ്ങളെ നിയമിക്കാനുള്ള നീക്കത്തെയും ന്യായീകരിച്ചു.
‘വഖഫ് ബൈ യൂസർ ’ സ്വത്തുക്കൾ 2025 ഏപ്രിൽ എട്ടിനകം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ പ്രശ്‌നമില്ലെന്നും കേന്ദ്രം പറയുന്നു. പ്രാർഥനാരീതികൾ, ആചാരങ്ങൾ തുടങ്ങി മതത്തിന്റെ അനിവാര്യമായ ആചാരങ്ങളിലൊന്നും നിയമം സ്‌പർശിക്കുന്നില്ല. അനിവാര്യമായ മതാചാരമല്ലാത്ത വഖഫ് സ്വത്തുക്കളെയാണ് നിയമം കൈകാര്യം ചെയ്യുന്നത്. അതിനാൽ നിയമം ഭരണഘടനാവിരുദ്ധമല്ല. ‘വഖഫ് ബൈ യൂസർ’ വ്യവസ്ഥ ഒഴിവാക്കിയത് നിലവിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട സ്വത്തുക്കളെ ബാധിക്കില്ല. രേഖകളില്ലെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്‌മാരകങ്ങൾക്കും നിയമം ഭീഷണിയല്ല. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ പുതുതായി അവതരിപ്പിക്കപ്പെട്ട വ്യവസ്ഥയല്ല. 1923 ലെ വഖഫ് നിയമം ഇതിന് തെളിവാണ്. തർക്കങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം കവർന്ന് കലക്‌ടർമാർക്ക് നൽകിയതിനെയും കേന്ദ്രം ന്യായീകരിച്ചു.
ആയിരക്കണക്കിന് പേജുകളുള്ള മറുപടിയിൽ സ്വകാര്യ സ്വത്തുക്കൾ വ്യാപകമായി വഖഫാക്കിയെന്ന് അവകാശപ്പെട്ടുള്ള രേഖകളും ജെപിസി റിപ്പോർട്ടും കേന്ദ്രസർക്കാർ ചേർത്തിട്ടുണ്ട്.









0 comments