വോട്ടുകള്ളന്മാർക്ക് താക്കീത് ; വോട്ട് അധികാർ യാത്ര സമാപിച്ചു

ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Sep 02, 2025, 03:41 AM | 1 min read
പട്‌ന
ചരിത്രം രചിച്ച പ്രക്ഷോഭങ്ങളുടെ മണ്ണായ ബിഹാറിൽ മോദി സർക്കാരിനെ വിറപ്പിച്ച് പ്രതിപക്ഷ ഐക്യത്തിന്റെ മഹാശക്തിപ്രകടനമായി വോട്ട് അധികാർ യാത്രയ്‌ക്ക് സമാപനം. കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയായി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന് ജനലക്ഷങ്ങൾ താക്കീത് നൽകി. ബിഹാറിലെ ബിജെപി–ജെഡിയു സർക്കാരിന്റെ അടിത്തറ ഇളക്കിയ റാലിക്ക് ലോക്-സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ഇന്ത്യകൂട്ടായ്‌മയുടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
ചമ്പാരൻ സത്യഗ്രഹത്തിനും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിനും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിനും വേദിയായ പട്‌നയിലെ ഗാന്ധി മൈതാനത്തായിരുന്നു സമാപന പരിപാടി. കടുത്ത ചൂടിനെ അവഗണിച്ച് ആയിരങ്ങൾ ഒഴുകിയെത്തി. അംബേദ്‌കർ പാർക്കിലേക്കുള്ള പദയാത്ര തടഞ്ഞ് പ്രകോപനം സൃഷ്‌ടിക്കാനും സർക്കാർ ശ്രമിച്ചു. ഡാക് ബംഗ്ലാവ് ജങ്‌ഷനിലെ താൽക്കാലികവേദിയിലാണ് സമ്മേളനം നടത്തിയത്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ ജമാൽ റോഡിലെ പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനമായി അണിചേർന്നു. കോൺഗ്രസ്, ആർജെഡി, സിപിഐ, സിപിഐ എംഎൽ, വികാസ്‌ശീൽ ഇൻസാൻ പാർടി പ്രവർത്തകരും എത്തിയതോടെ പട്‌നയിൽ ജനസമുദ്രം അലയ ടിച്ചു. ‘വോട്ട് ചോർ ഗദ്ദി ഛോഡ് ’ (വോട്ടു മോഷ്‌ടാക്കളേ, സിംഹാസനം ഒഴിയൂ) എന്ന മുദ്രാവാക്യം മുഴങ്ങി. കഴിഞ്ഞ 17ന് സാസാറാമിൽ നിന്നും തുടങ്ങിയ യാത്ര 16 ദിവസംകൊണ്ട് 20 ജില്ലകളിൽ 1300 കിലോമീറ്റർ താണ്ടിയാണ് പട്‌നയിൽ സമാപിച്ചത്.









0 comments