യാത്ര എട്ടുദിവസം പിന്നിട്ടു
‘വോട്ട് അധികാർ യാത്ര’ ഏറ്റെടുത്ത് ബിഹാർ ജനത

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷന്റെയും ബിജെപിയുടെയും അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കുന്ന ‘വോട്ട് അധികാർ യാത്ര’ എട്ടുദിവസം പിന്നിട്ടതോടെ ബിഹാറിൽ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയുടെ ഐക്യനീക്കത്തിന് വൻ സ്വീകാര്യത.
മോദി സർക്കാരിനെയും നിതീഷ്‌കുമാർ സർക്കാരിനെയും ബിജെപിയെയും കൂടുതൽ തുറന്നുകാട്ടാനും പൊതുപ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യത്തിന് എല്ലാവിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കാനുമാണ് പ്രതിപക്ഷ നീക്കം. ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഈ ഐക്യം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നുമാണ് പൊതുവിലയിരുത്തൽ. സെപ്‌തംബർ ഒന്നിന് ‘വോട്ട് അധികാർ യാത്ര’ പട്‌നയിൽ സമാപിക്കും.
ഞായറാഴ്‌ച പുർണിയയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ബിഹാറിൽ ‘വോട്ട് കൊള്ള’ ഉണ്ടാകില്ലെന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ജനങ്ങൾക്ക് ഉറപ്പുനൽകി.
കുട്ടികൾ ഉൾപ്പെടെയുള്ളവർ ത്രിവർണപതാകകളുമായി യാത്രയിൽ പങ്കെടുക്കുന്നുണ്ട്. വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത തെരഞ്ഞെടുപ്പ് കമീഷനോടും കേന്ദ്രസർക്കാരിനോടും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്. യാത്രയ്‌ക്ക് ലഭിക്കുന്ന പിന്തുണയിൽ ബിജെപി നേതാക്കൾ അസ്വസ്ഥരാണ്.
വോട്ട് അധികാർ യാത്രയിൽ രാഹുലും തേജസ്വിയും മറ്റും പ്രധാനമന്ത്രിക്ക് എതിരെ മോശം ഭാഷയിൽ സംസാരിക്കുന്നതായി ബിജെപി വക്താവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.
ആധാറുള്ളതുകൊണ്ടുമാത്രം ആർക്കും വോട്ടവകാശം ഇല്ലെന്ന് ബിജെപി
ആധാറുള്ളത് കൊണ്ട് മാത്രം ഒരാളെ വോട്ടറായി ചേർക്കാൻ കഴിയില്ലെന്ന വാദവുമായി ബിജെപി. ആധാർ തിരിച്ചറിയൽ, റെസിഡൻസ് രേഖ മാത്രമാണെന്നും പൗരത്വരേഖയല്ലെന്നും ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ പറഞ്ഞു. ബിഹാറിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ആധാർ പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് ബിജെപിയുടെ അവകാശവാദം.
സുപ്രീംകോടതി വിധിയിൽ ഒരിടത്തും ആധാർ കാർഡുള്ളവരെ വോട്ടറായി ചേർക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, പ്രതിപക്ഷം ആധാറുള്ളവരെ വോട്ടറാക്കണമെന്ന് കോടതി പറഞ്ഞതായി തെറ്റിദ്ധാരണ പടർത്തുകയാണെന്നും അമിത് മാളവ്യ ആരോപിച്ചു.
അതേസമയം, ബിഹാറിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയ 7.24 കോടി വോട്ടർമാരിൽ 98.2 ശതമാനം പേരുടെയും രേഖകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെട്ടു. കരട് വോട്ടർപ്പട്ടികയിൽ വിയോജിപ്പും എതിർപ്പും അറിയിക്കാൻ ഇനി എട്ടുദിവസം കൂടിയാണു ള്ളത്.









0 comments