മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ, കര്‍ഫ്യൂ ; ഗോത്ര നേതാവിനെ ആക്രമിച്ചു

ഇംഫാൽ : ചുരാചന്ദ്‌പുരിൽ മാർ ഗോത്ര നേതാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘര്‍ഷാവസ്ഥ. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായതോടെ ചുരാചന്ദ്പുര്‍ ജില്ലയിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായർ വൈകിട്ട് 7.30നാണ് മാര്‍ ഗോത്രവിഭാഗത്തിന്റെ ഉന്നതാധികാര സമിതി ജനറൽ സെക്രട്ടറി റിച്ചാർഡ് മാറിനെ വീട്ടിൽ പോകുന്നതിനിടെ ഒരു സംഘം മര്‍ദിച്ചത്. സാരമായി പരിക്കേറ്റ റിച്ചാര്‍ഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മാര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ചുരാചന്ദ്പുരിൽ ബന്ദ് പ്രഖ്യാപിച്ചു.
ആക്രമിച്ചവര്‍ തിങ്കൾ രാവിലെ 10ന് തങ്ങളുടെ ഓഫീസിലെത്തി കീഴടങ്ങണമെന്ന് സംഘടന അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഈ സമയപരിധി കഴിഞ്ഞതോടെയാണ് നൂറ് കണക്കിന് പേര്‍ തെരുവിലേക്കിറങ്ങിയത്. കടകളും മറ്റും അടപ്പിച്ചു. കല്ലേറും നടത്തി. ഇംഫാലിനെയും മിസോറമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 150ൽ ഗതാഗതം തടഞ്ഞു. പ്രതിഷേധക്കാര്‍ റോഡിൽ ടയര്‍ കത്തിച്ചിട്ടു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.









0 comments