സോണിയയ്‌ക്ക് എതിരായ പരാമർശം: അമിത്‌ഷായ്‌ക്ക് എതിരെ അവകാശലംഘന നോട്ടീസ്


സ്വന്തം ലേഖകൻ
Published on Mar 26, 2025, 08:10 PM | 1 min read
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക് എതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. സോണിയാഗാന്ധിക്ക് എതിരെ വസ്‌തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞദിവസം ദുരന്തനിവാരണ ബിൽ ചർച്ചയ്‌ക്ക് മറുപടി നൽകുന്ന അവസരത്തിലാണ് അമിത്‌ഷാ സോണിയയ്‌ക്ക് എതിരെ പരാമർശങ്ങൾ നടത്തിയത്. ‘കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന സമയത്ത് ഒരു കുടുംബമായിരുന്നു ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്‌തിരുന്നത്.
കോൺഗ്രസ് അധ്യക്ഷനും ദുരന്തനിവാരണ സമിതിയിൽ അംഗമായിരുന്നു. പാർടിയുടെ അധ്യക്ഷൻ സർക്കാർ സമിതിയിൽ അംഗമായിരുന്നു. ഇതിന് അവർക്ക് എന്ത് വിശദീകരണമാണ് നൽകാനുള്ളത്? ആളുകൾ ഇതൊന്നും മനസ്സിലാക്കിയിട്ടില്ല എന്നാണോ നിങ്ങൾ കരുതുന്നത് ?’–-എന്നായിരുന്നു അമിത്‌ഷായുടെ പരാമർശം. സോണിയാഗാന്ധിയുടെ പേര് പറയാതെ അവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അമിത്‌ഷാ നടത്തിയതെന്ന് ജയ്‌റാം രമേശ് നോട്ടീസിൽ ആരോപിച്ചു. സിറ്റിങ്ങ് എംപിയെ അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന കീഴ്‌വഴക്കത്തെ കാറ്റിൽപ്പറത്തിയുള്ള പരാമർശങ്ങളാണ് അമിത്‌ഷായുടെ ഭാഗത്ത് നിന്നുണ്ടായതെന്നും നോട്ടീസിൽ പറയുന്നു.
0 comments