ഓൺലൈൻ വാതുവയ്‌പ്പ് കേസ്: വിജയ് ദേവരകൊണ്ട ഇ ഡിക്ക് മൊഴി നൽകി

ഹൈദരാബാദ്: ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരായി. അനധികൃതമായി പണം സമ്പാദിച്ച ആപ്പുകളുടെ പരസ്യത്തിന്റെ ഭാഗമായി അവയെ പ്രോത്സാഹിപ്പിച്ചെന്നാണ് ഇഡി ആരോപണം. ഹൈദരാബാദ് സോണൽ ഓഫീസിൽ എത്തിയ വിജയ് മൊഴി നൽകി. അഞ്ച് സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുത്തതിനെ അധികരിച്ചാണ് ഇഡി നടപടി. കേസിൽ നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ഇഡിക്ക് മൊഴിനൽകിയിരുന്നു.
ചൂതാട്ടത്തിനുള്ള ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിനാണ് കേസ്. 1867ലെ ചൂതാട്ട നിയമം ലംഘിച്ചതിന് സിനിമാ അഭിനേതാക്കൾ, ഇൻഫ്ലുവൻസേഴ്സ്, യൂട്യൂബർമാർ എന്നിങ്ങനെ 29 സെലിബ്രിറ്റികൾക്കെതിരെയാണ് കേസെടുത്തത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്ത അഞ്ച് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ആപ്പ് പിന്തുണച്ച് പരസ്യത്തിൽ അഭിനയിച്ച സെലിബ്രറ്റികക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) ചുമത്തി. ശ്രീമുഖി, ശ്യാമള, വർഷിണി സൗന്ദർരാജൻ, ഹർഷ സായി, വാസന്തി കൃഷ്ണൻ, അമൃത ചൗദരി, നയനി പാവനി, ശോഭ ഷെട്ടി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ബയ്യ സണ്ണി യാദവ് തുടങ്ങിയ ഇൻഫ്ലുവൻസേഴ്സും പട്ടികയിലുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ആപ്പ് പ്രമോഷണൽ ക്യാമ്പയിനുകളിലൂടെ വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കിൽ നടന്നതായി ഇഡി സംശയിക്കുന്നുണ്ട്. സെലിബ്രറ്റികൾ ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ സാമ്പത്തികനമായി പിന്നോക്കം നിൽക്കുന്ന ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാനും അവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനും സാധ്യതയുള്ളതായി കാണിച്ച് വ്യവസായി ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയിലാണ് ഇഡി കേസെടുത്തത്.








0 comments