ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ബിജെഡി, ബിആർഎസ് വിട്ടുനിൽക്കും

സി പി രാധാകൃഷ്‌ണൻ, ബി സുദർശൻറെഡ്ഡി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ജഗ്‌ദീപ്‌ധൻകർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. പുതിയ പാർലമെന്റ് കെട്ടിടത്തിലെ എഫ്–101 റൂമിൽ (വസുധ) പകൽ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ്.
എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്ട്ര ഗവർണറായ സി പി രാധാകൃഷ്‌ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ്(റിട്ട.) ബി സുദർശൻറെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം. വൈകിട്ട് ആറോടെ വോട്ടെണ്ണലും ഏഴോടെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് വരണാധികാരിയായ സഭാ സെക്രട്ടറി ജനറൽ പി സി മോദി അറിയിച്ചു. അതേസമയം, വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് ബിജു ജനതാദള്ളും ബിആർഎസും അറിയിച്ചു.
എൻഡിഎ, ഇന്ത്യാ കൂട്ടായ്‌മ മുന്നണികളിൽ നിന്നും തുല്യഅകലം പാലിക്കുന്നതിന്റെ ഭാഗമായാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് ബിജുജനതാദള്ളിന്റെ നിലപാട്. തെലങ്കാനയിൽ ആവശ്യത്തിന് യൂറിയ ലഭിക്കാത്ത കഷ്ടപ്പെടുന്ന കർഷകരുടെ രോഷം പ്രതിഫലിപ്പിക്കാൻ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് ബിആർഎസും പ്രതികരിച്ചു.
നൂറ് ശതമാനം ആർഎസ്‌എസുകാരനെന്ന ലേബലോടെയാണ് സി പി രാധാകൃഷ്‌ണൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നീക്കങ്ങൾക്ക് ശക്തിപകരാനാണ് ബി സുദർശൻറെഡ്ഡി വോട്ട് തേടുന്നത്. പാർടിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന് സുദർശൻ റെഡ്ഡി എംപിമാരോട് അഭ്യർഥിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങൾക്ക് വേണ്ടി തിങ്കളാഴ്‌ച്ച പഴയ പാർലമെന്റ് കെട്ടിടത്തിൽ മോക്ക്–പോൾ സംഘടിപ്പിച്ചു.
ബി സുദർശൻ റെഡ്ഡിക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് അംഗങ്ങൾക്ക് പരിശീലനം നൽകാനാണ് മോക്ക്–പോൾ സംഘടിപ്പിച്ചത്. എൻഡിഎ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപ്പശാലയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തൽ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകി.
ഇരുസഭകളിലെയും 781 അംഗങ്ങളുള്ള ഇലക്‌ട്രൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. ബിജെഡിയും ബിആർഎസും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതോടെ മൊത്തം വോട്ടുകൾ 770 ആയി ചുരുങ്ങി. നിലവിൽ എൻഡിഎയ്‌ക്ക് 439 വോട്ടും പ്രതിപക്ഷത്തിന് 324 വോട്ടും ലഭിക്കാൻ സാധ്യതയുണ്ട്. 11 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഏഴ് അംഗങ്ങൾ ആർക്കാണ് വോട്ട് ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.









0 comments