‘ഷോലെ’യിലെ ജയിലർ; നടന്‍ ഗോവർധൻ അസ്രാനി അന്തരിച്ചു

മുംബൈ: പ്രശസ്‌ത ബോളിവുഡ് നടന്‍ ഗോവർധൻ അസ്രാനി (84) അന്തരിച്ചു. തിങ്കൾ വൈകിട്ട് മൂന്നിനാണ് അന്ത്യം. ഏതാനും ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1967-ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഗോവർധൻ അസ്രാനി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ‘ഷോലെ’യിലെ ജയിലറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍... രാജ്കുമാര്‍, ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
രാജേഷ് ഖന്നയ്‌ക്കൊപ്പം 25 ചിത്രങ്ങളിൽ വേഷമിട്ടു. അസ്രാനി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 1940 ജനുവരി 1-ന് ജയ്പൂരിലെ സിന്ധി കുടുംബത്തിലാണ് ജനനം. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു.









0 comments