ബോളിവുഡ് ഇതിഹാസനടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് സൂപ്പർതാരം ധർമേന്ദ്ര (89) അന്തരിച്ചു. തിങ്കൾ പകൽ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 12ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകൻ കരൺ ജോഹർ മരണം സ്ഥിരീകരിച്ച് പോസ്റ്റ് പങ്കുവച്ചു. കുടുംബത്തിന്റെ സാന്നിധ്യത്തിൽ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കര ചടങ്ങുകൾ നടക്കും. നടി ഹേമമാലിനി ഭാര്യയാണ്. പ്രകാശ് കൗർ ആണ് ആദ്യ ഭാര്യ. ആദ്യ വിവാഹത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജിത, രണ്ടാം വിവാഹത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.
1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഷോലെ ധർമേന്ദ്രയെ സൂപ്പർ താരമാക്കി മാറ്റി.
കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. ജയ ബച്ചൻ, ഷബാന ആസ്മി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 2025 ഡിസംബർ 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഇക്കിസാണ് വരാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 2004 മുതൽ 2009 വരെ ബിജെപി ടിക്കറ്റിൽ രാജസ്ഥാനിലെ ബിക്കാനീറിനെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായി. 2012ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.









0 comments