‘ഇന്ത്യ വിൽപ്പനക്കില്ല, വാൻസ് ഗോ ബാക്ക് ’; യുഎസ് വ്യാപാരചർച്ചകൾക്കെതിരെ കിസാൻ സഭ

ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി തിങ്കളാഴ്‌ച ഇന്ത്യയിലെത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെതിരെ രാജ്യത്തുടനീളം പ്രതിഷേധ സമരം സംഘടിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭ ആഹ്വാനം ചെയ്തു. ‘വാൻസ് ഗോ ബാക്ക്, ഇന്ത്യ വിൽപ്പനക്കില്ല’ മുദ്രാവാക്യമുയർത്തി ഗ്രാമങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കർഷകരുടെ നേതൃത്വത്തിൽ ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തും.
ജെ ഡി വാൻസിന്റെ സന്ദർശനത്തിലൂടെ ബഹുരാഷ്ട്ര കമ്പനികൾക്ക് ലാഭം കൊയ്യാൻ കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ കിസാൻ സഭ ചെറുത്തുനിൽപ്പ് നടത്തണമെന്ന് പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പത്രക്കുറിപ്പിൽ ആഹ്വാനം ചെയ്തു.
യുഎസിന് മുൻതൂക്കം നൽകുന്ന വ്യാപാര കരാറുകളിലും ചർച്ചകളിലും ഇന്ത്യ ഭാഗമാകരുതെന്നും കാർഷിക മേഖലയെ കരാറിൽ ഉൾപ്പെടുത്തരുതെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.
ഇറ്റലിയും ഇന്ത്യയും സന്ദർശിക്കുന്ന വാൻസ് കുടുംബ സമേതമാണ് എത്തുന്നത്. ആഗ്ര, റെഡ് ഫോർട്, ജയ്പൂർ തുടങ്ങിയ സന്ദർശന പരിപാടിയും ഇതിന്റെ ഭാഗമായുണ്ട്.









0 comments