ആരുടെ സ്കൂൾ ആണെങ്കിലും മതേതരത്വത്തിന് വെല്ലുവിളിയാകാൻ അനുവദിക്കില്ല; ഗണഗീതം പാടിച്ചത് അഹങ്കാരത്തിന്റെ സ്വരം: വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനയാത്രയിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസിന്റെ ഗണഗിതം പാടിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ ഇവിടെ ലംഘിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെയുടെ അധികാരികൾ സാമാന്യ മര്യാദപോലും കാണിക്കാതെ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുകയാണെന്നും, ഇത് അഹങ്കാരത്തിന്റെ സ്വരമാണെന്നും മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾ പാടിയത് ദേശഭക്തിഗാനമാണെന്ന അറിവ് എളമക്കര സരസ്വതി സ്കൂൾ പ്രിൻസിപ്പലിന് എവിടെനിന്ന് കിട്ടിയെന്നും മന്ത്രി ചോദിച്ചു. അതടക്കം മനസ്സിലാക്കാൻ വേണ്ടിയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള ദേശഭക്തി ഗാനങ്ങൾ അദ്ദേഹമാണോ പ്രഖ്യാപിക്കുന്നത്. കുട്ടികളെക്കൊണ്ട് പെട്ടെന്ന് പാടിച്ചതല്ല, ഒന്നോ രണ്ടോ ആഴ്ചത്തെയെങ്കിലും റിഹേഴ്സലും നടന്നിട്ടുണ്ടാകും. സിബിഎസ്ഇ ആയാലും സർക്കാർ സ്കൂൾ ആണെങ്കിലും എൻഒസി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. നിബന്ധന ലംഘിച്ചാച്ചാൽ എൻഒസി പിൻവലിക്കാൻവരെയുള്ള അധികാരം നിയമത്തിലുണ്ട്. ആരുടെ സ്കൂൾ ആണെങ്കിലും മതേതരത്വത്തിന് വെല്ലുവിളിയായുള്ള നടപടിക്രമങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി രക്തസാക്ഷിത്വംവരിച്ചപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. നിരോധനം നീക്കാൻവേണ്ടി മാപ്പെഴുതിക്കൊടുത്ത് ഇന്ത്യൻ ഭരണഘടന അംഗീകരിക്കാമെന്ന് പറഞ്ഞ കൂട്ടരാണ് അവർ. പാടിയ പാട്ട് ആരുടേതാണെന്നോ അതിന്റെ ചരിത്രോ ഒന്നും കുട്ടികൾക്ക് അറിവുണ്ടാകില്ല, അവർ നിരപരാധികളാണ്. ആർഎസ്എസിന്റെയും ബിജെപിയും ഹിന്ദുത്വ അജണ്ട വിദ്യാലയങ്ങളിലും നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments