ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്കെതിരായ ആക്രമണത്തിൽ നടപടി സ്വീകരിക്കണം : വി ശിവദാസൻ എംപി

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തെ ഡോ.വി ശിവദാസൻ എംപി ശക്തമായി അപലപിച്ചു. ബുധനാഴ്ച വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപമായിരുന്നു ആൾക്കൂട്ട ആക്രമണം. സർവകലാശാലയുടെ ഭാഗമായ സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ ഐ ടി അശ്വന്ത്, കെ സുധിൻ എന്നിവർക്കാണ് മർദനമേറ്റത്.
പൊലീസും ആൾക്കാർക്കൊപ്പം ചേർന്ന് ക്രൂരമായി മർദിച്ചു. റെഡ് ഫോർട്ട് ബൂത്ത് പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികളെ എത്തിക്കുകയും അവിടെവെച്ചും മർദിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ സാധനങ്ങളും ഇവർ പിടിച്ചെടുത്തു.
“ഈ സംഭവം രണ്ട് വിദ്യാർഥികൾക്കെതിരായ ആക്രമണം മാത്രമല്ല, ഇത് മനുഷ്യാവകാശങ്ങളുടെ ലജ്ജാകരമായ ലംഘനവും പൊലീസ് നിർവഹിക്കേണ്ട കടമക്ക് നേർ വിപരീതമായ സമീപനവുമാണ്. വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. സെൻട്രൽ ഡൽഹി ഡിസിപിയുമായി സംസാരിച്ച് കൃത്യമായ അന്വേഷണവും കർശനമായ നടപടിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഡൽഹിയിലെ വിദ്യാർഥികളെയും ഹിന്ദി സംസാരിക്കാത്ത സമൂഹങ്ങളെയും സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികൾ വിദ്യാഭ്യാസത്തിന്റെയും വളർച്ചയുടെയും പ്രതീക്ഷയോടെയാണ് ഡൽഹിയിലേക്ക് വരുന്നത്. അവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കേണ്ടത് അധികാരികളുടെ കടമയാണ്” - ഡോ. ശിവദാസൻ എംപി പറഞ്ഞു.









0 comments