ഉത്തരാഖണ്ഡ് മണ്ണിടിച്ചിൽ: സോൻപ്രയാഗിൽ കുടുങ്ങിയ 40 തീർഥാടകരെ രക്ഷപ്പെടുത്തി

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ സോൻപ്രയാഗിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് കുടുങ്ങിയ 40 തീർഥാടകരെ രക്ഷപ്പെടുത്തി. കേദാർനാഥ് ധാമിൽ നിന്ന് മടങ്ങുകയായിരുന്നവരാണ് പ്രദേശത്ത് കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ബുധനാഴ്ച രാത്രി പത്തോടെ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടതോടെയാണ് തീർഥാടകർ വഴിയിൽ കുടുങ്ങിയത്. കേദാർനാഥ് യാത്രാ പാതയിലെ നിർണായക ഗതാഗത കേന്ദ്രമായ സോൻപ്രയാഗിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അഗ്രഖാൽ, ചമ്പ, ജഖിന്ദർ, ദുഗമന്ദർ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ചമ്പ ബ്ലോക്കിന്റെ പല ഭാഗങ്ങളിലും ജലവിതരണ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഹരിദ്വാറിൽ കനത്ത മഴ തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് അറിയിച്ചു. മലയോര ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, ബാഗേശ്വർ, പിത്തോറഗഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ജൂലൈയിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മധ്യേന്ത്യ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ മഴ ലഭിച്ചു. തുടർച്ചയായ മഴ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്.









0 comments