ഉത്തർകാശിയിൽ ഉരുൾപൊട്ടൽ; 2 മരണം, 7 പേരെ കാണാനില്ല

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ ഞായറാഴ്‌ച പുലർച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തിലും ഉരുൾപൊട്ടലിലും രണ്ട് തൊഴിലാളികൾ മരിച്ചു. ഏഴുപേരെ കാണാനില്ല. യമുനോത്രി ദേശീയപാതയിൽ സിലായ് മേഖലയിൽ നിർമാണത്തിലിരുന്ന ഹോട്ടലിന് സമീപമുണ്ടായിരുന്ന തൊഴിലാളി ക്യാമ്പിലുള്ളവരാണ് അപകടത്തിൽപെട്ടത്. 19 തൊഴിലാളികളുണ്ടായിരുന്ന ക്യാമ്പ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പത്ത് പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തുനിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ യമുനാനദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ചാർ ധാം യാത്ര നിർത്തിവച്ചു
കനത്ത മഴയെത്തുടർന്ന് ചാർ ധാം തീർഥാടന യാത്ര 24 മണിക്കൂർ നിർത്തിവച്ചതായി സർക്കാർ അധികൃതർ അറിയിച്ചു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാലു തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയാണിത്. ഞായറും തിങ്കളും ഉത്തരാഖണ്ഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളിൽ വെള്ളം കയറി; മേൽക്കൂരയിൽ അഭയംതേടി 162 വിദ്യാർഥികൾ
ജംഷെഡ്‌പുർ: ജാർഖണ്ഡിൽ കനത്ത മഴയെ തുടർന്ന് വെള്ളംകയറിയ സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂളിൽ കുടുങ്ങിയ 162 വിദ്യാർഥികളെ പൊലീസ് രക്ഷപെടുത്തി. ഈസ്റ്റ് സിങ്‌ഭും ജില്ലയിലെ പണ്ഡാർസോലിയിലെ സ്‌കൂളിലെ കുട്ടികളാണ് ശനിയാഴ്‌ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് കുടുങ്ങിയത്. രാത്രി മുഴുവൻ സ്‌കൂളിന്റെ മേൽക്കൂരയിലാണ് കുട്ടികൾ കഴിഞ്ഞുകൂടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായാണ് കുട്ടികളെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.







0 comments