തുടരുന്ന 'നടതള്ളൽ': യുഎസിൽ നിന്ന് മൂന്നാം സൈനികവിമാനം, എത്തിയത് 112 പേര്‍

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന്റെ ഭാഗമായി മൂന്നാമത്തെ വിമാനം രാജ്യത്തെത്തി. 112 യാത്രക്കാരുമായി ഞായർ രാത്രിയാണ് വിമാനമെത്തിയത്. 44 പേർ ഹരിയാന സ്വദേശികളും 31 പേർ പഞ്ചാബുകാരുമാണ്. ഗുജറാത്തിൽ നിന്ന് 33 പേരും യുപിയിൽ നിന്ന് രണ്ടുപേരും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും വിമാനത്തിലുണ്ടായിരുന്നു. പത്തുദിവസത്തിനിടെ മൂന്നു തവണയായി ആകെ 335 പേരെയാണ് ഇതുവരെ അമേരിക്കയിൽ നിന്നും മനുഷ്യത്വ രഹിതമായ രീതിയിൽ കുടിയിറക്കിയത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‍സറിലെത്തിയത്.
കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിലാണ് ഇവരെ കൊണ്ടുവന്നത്. പത്തുദിവസത്തിനു ശേഷം ശനി രാത്രി വീണ്ടും 119 പേരുമായി രണ്ടാമത്തെ സൈനിക വിമാനമെത്തി. ഒരു ദിവസം കഴിയുന്നതിനു മുമ്പാണ് വീണ്ടും ജനങ്ങളെ എത്തിച്ചത്. മുമ്പത്തേതുപോലെ ഇവരെയും കൈവിലങ്ങുകൾ അണിയിച്ചാണോ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല.
കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ചാണ് ദീർഘമായ യാത്രയിലുടനീളം ഇരുത്തിയിരുന്നതെന്നും കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും കഴിഞ്ഞ ദിവസം അമൃത്‍സറിലെത്തിയവർ വ്യക്തമാക്കിയിരുന്നു. സിഖ് വംശജരെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാൽ രാജ്യത്തെ പൗരൻമാരെ മനുഷ്യത്വരഹിതമായി നാടുകടത്തുന്നതിനെപ്പറ്റി കേന്ദ്രം പ്രതികരിച്ചിട്ടില്ല. പൗരൻമാരെ ചങ്ങലയിട്ട് അയക്കുന്നതിനെതിരായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയയും ബ്രസീലും മെക്‌സിക്കോയും അപലപിച്ചപ്പോഴും ഒരു പ്രതിഷേധസ്വരം പോലും ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അമേരിക്കയെയും ട്രംപിനെയും ന്യായീകരിക്കുന്ന നിലപാടാണ് വീണ്ടും കേന്ദ്രം സ്വീകരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കുടിയിറക്കുന്നത് ഇതാദ്യാമായല്ലെന്നും വിലങ്ങ് വച്ച് കൊണ്ടുവരുന്നത് യുഎസിന്റെ നയമാണെന്നുമാണ് വിദേശകാര്യമന്ത്രി പാർലമെന്റിൽ ട്രംപിനെ ന്യായീകരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി ട്രംപിനെ സന്ദർശിച്ചിട്ടും ഇന്ത്യക്കാരെ കരുതിക്കൂട്ടി അവഹേളിക്കുന്നതിനെപ്പറ്റി സംസാരിച്ചില്ല. മോദി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇന്ത്യക്കാരെ വിലങ്ങണിയിച്ച് തിരിച്ചയച്ചത്. അമേരിക്കൻ നിലപാടിനോട് പൂർണവിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമുയർന്നെങ്കിലും മൗനം പാലിക്കുകയാണ് കേന്ദ്രം.
18000 ത്തോളം ഇന്ത്യൻ കുടിയേറ്റക്കാരാണ് മതിയായ രേഖകളില്ലാത്തതിനാൽ യുഎസിൽ തടങ്കലിൽ കഴിയുന്നത്. ഇതിലേറെയും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധാരാളമായുണ്ട്. ഇവരെയെല്ലാം സൈനിക വിമാനത്തിൽ ചങ്ങലയ്‌ക്കിട്ട് അയക്കുമെന്നാണ് ട്രംമ്പിന്റെ പ്രഖ്യാപനം. നേരത്തെയും രേഖകളില്ലാത്ത ഇന്ത്യാക്കാരെ അമേരിക്ക മടക്കിഅയച്ചിട്ടുണ്ടെങ്കിലും സൈനിക വിമാനത്തിൽ ചങ്ങലയിട്ട് അയക്കുന്നത് ആദ്യമായാണ്.









0 comments