ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം: എം എ ബേബി

ന്യൂഡൽഹി: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തെ സിപിഐ എം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെയാണ് ഈ നടപടി ഓർമിപ്പിക്കുന്നത്. ഇല്ലാത്ത ആയുധങ്ങളെ കുറിച്ചുള്ള നുണകളായിരുന്നു അന്നെങ്കിൽ ഇന്നത് ആണവായുധങ്ങളെ കുറിച്ചുള്ള നുണകളാണ്.
അമേരിക്കയുടെ ഇത്തരം നീക്കങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. തങ്ങൾ ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ ഉൾപ്പെടെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ ആക്രമണത്തിനെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്‌ചക്കകം അമേരിക്ക സൈനിക നടപടി പരിഗണിക്കുമെന്നാണ് ട്രംപ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇറാനിൽ കടന്നാക്രമണം നടത്തുകയായിരുന്നു.
ഇറാനിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനിൽ നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയിൽ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു.
0 comments