ഉള്ളൊഴുക്കിന് ഉര്‍വശിക്കും പൂക്കാലത്തിന് വിജയരാഘവനും ദേശീയ പുരസ്കാരം

ന്യൂഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്കും (ഉള്ളൊഴുക്ക്) , മികച്ച സഹനടനുള്ള പുരസ്കാരം(പൂക്കാലം) വിജയരാഘവനും ലഭിച്ചു
2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിച്ചു.
കുട്ടനാട്ടിലെ ഒരു സാധാരണകുടുംബത്തിലെ രണ്ട് പേരുടെ വിവാഹ ബന്ധം തുടങ്ങുന്നിടത്തു നിന്നാണ് ഉള്ളൊഴുക്ക് തുടങ്ങുന്നത്. . പാർവതി അവതരിപ്പിക്കുന്ന അഞ്ജു എന്ന കഥാപാത്രവും പ്രശാന്ത് മുരളിയുടെ തോമസുക്കുട്ടി എന്ന കഥാപാത്രവും വിവാഹിതരാവുന്നു. തോമസുക്കുട്ടിയുടെ അമ്മ ലീലാമ്മയായി ഉർവശിയുമെത്തുന്നു. പ്രധാന കഥാപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു,
കണ്ടു ശീലിച്ച ഒരമ്മായിമ്മയോ മരുമകളോ അല്ല ലീലാമ്മയും അഞ്ജുവും. രണ്ട് കാലഘട്ടങ്ങളിലെ സ്ത്രീകള്‍. മെഡിസിന് പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ ഇഷ്ടത്തിന് 19-ാം വയസിൽ വിവാഹിതയാകേണ്ടി വന്ന സ്ത്രീയാണ് ലീലാമ്മ. ഭർത്താവിനും മക്കൾക്കും വേണ്ടി തന്റെ ആഗ്രഹങ്ങളും ജീവിതവുമെല്ലാം ഹോമിച്ച ഒരാൾ. അങ്ങനെയുള്ള നിരവധി മുഖങ്ങൾ നമ്മുക്ക് ചുറ്റുമുണ്ടാകും. അത്തരക്കാരുടെ പ്രതിനിധിയെന്ന് ലീലാമ്മയെ വിശദീകരിക്കാം.
എന്നാൽ അഞ്ജു നേരെ മറിച്ചായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള തന്റേതായ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട് അഞ്ജുവിന്. എന്നിട്ടു പോലും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമല്ലാത്ത ഒരു വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വരുകയാണ് അവൾക്ക്. ഒരു മഴക്കാലത്ത് തോമസുക്കുട്ടി അപ്രതീക്ഷിതമായി മരണപ്പെടുന്നതോടെ അതിസങ്കീർണമായ പല സാഹചര്യങ്ങളിലൂടെയും അഞ്ജുവിനും ലീലാമ്മയ്ക്കും കടന്നു പോകേണ്ടി വരുന്നു. ഉള്ളൊഴുക്ക് പ്രേക്ഷക ഹൃദയങ്ങളിലേക്ക് നിറഞ്ഞൊഴുകിയത് ഇങ്ങനെയായിരുന്നു.
എൺപതു വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം പൂക്കാലമാക്കിയ വൃദ്ധ ദമ്പതികളായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും പ്രണയത്തിന്റെ കഥയാണ് പൂക്കാലം പറയുന്നത്. പ്രായം കൂടുന്തോറും ഇട്ടൂപ്പിനു കൊച്ചുത്രേസ്യയോടുള്ള പ്രണയം കൂടുന്നതേയുള്ളൂ. അവരുടെ കൊച്ചു മകളായ എൽസിയുടെ മനഃസ്സമ്മത ദിവസം വീട്ടിൽ ഒത്തുകൂടുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കൂടി ഉത്സവലഹരിയിൽ മതിമറന്നു നിൽക്കുന്ന സമയത്താണ് എൺപതു വർഷത്തെ ജീവിതത്തിനിടെ കാലിടറിപ്പോയ ഭാര്യയുടെ ഒരു രഹസ്യം ഇട്ടൂപ്പ് കണ്ടുപിടിക്കുന്നത്.
അതോടെ ഉത്സവലഹരിയിലായ കുടുംബാന്തരീക്ഷം മാറി മറിയുന്നു. ഭാര്യയുടെ വിശ്വാസവഞ്ചന ക്ഷമിക്കാൻ തയാറാകാത്ത ഇട്ടൂപ്പ് നൂറാം വയസ്സിലും വിവാഹമോചനം തേടാനുള്ള ആലോചന നടത്തുമ്പോൾ വേദന കടിച്ചമർത്തി മൗനത്തിൽ അഭയം പ്രാപിക്കുകയാണ് കൊച്ചു ത്രേസ്യ. മക്കളും മരുമക്കളും അപ്പച്ചനെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. പിന്നീടുണ്ടാകുന്ന വൈകാരിക രംഗങ്ങളിലൂടെ പൂക്കാലം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.









0 comments